മുംബൈ : വർഷങ്ങളായി രോഗബാധിതയായി പലപ്പോഴും ഓക്സിജൻ സിലിൻഡറിനെ ജീവൻ നിലനിർത്താനായി ആശ്രയിക്കേണ്ടിവന്നിട്ടുണ്ട് അധ്യാപികയായ റോസിക്ക്. കോവിഡ് മഹാമാരി മൂലം ആവശ്യക്കാർക്ക് ഓക്സിജൻ സിലിൻഡർ ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഈ 51-കാരിയും ഭർത്താവും ആഭരണങ്ങൾ വിറ്റ് സിലിൻഡറുകൾ വാങ്ങി നൽകി. കൂടാതെ അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനായി വീട്ടിൽ വാങ്ങിവെച്ച സിലിൻഡറും ദാനംചെയ്തു.

ബോറിവ്‌ലി സെയ്ന്റ് സേവ്യേഴ്‌സ് സ്കൂളിലെ അധ്യാപികയാണ് റോസി. ഭർത്താവ് പാസ്കൽ സാൽഡാൻഹ ഡെക്കറേറ്ററാണ്. രണ്ടുമക്കളുമായി ഇരുവരും മലാഡ് മൽവാണിയിലാണ് താമസിക്കുന്നത്. അഞ്ചുവർഷം മുമ്പാണ് ഇരുവരുടെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ദുരന്തം കടന്നുവരുന്നത്.

റോസിയുടെ രണ്ടു വൃക്കകളും തകരാറിലായി. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. നാലുതവണ കോമയിലായി. കൂടാതെ തലച്ചോറിൽ രക്തസ്രാവവും. എന്നാൽ, മാനസികബലം കരുത്താക്കി റോസി ജീവിതത്തിലേക്ക് തിരിച്ചെത്തി. റോസിയുടെ ചികിത്സയ്ക്കായി രണ്ടുകോടിയിലധികം രൂപയാണ് കുടുംബം ചെലവാക്കിയത്. കൂടാതെ വീട്ടിൽ ഒരു ആശുപത്രിയിലെ അത്യാവശ്യസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വൈറസോ ചെറിയ അണുബാധയോ പോലും റോസിയുടെ ആരോഗ്യനില വഷളാക്കും. അതിനാൽ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽത്തന്നെ അത്യാവശ്യഘട്ടം നേരിടുന്നതിനായി ഒരു ഓക്സിജൻ സിലിൻഡർ വീട്ടിലും സൂക്ഷിച്ചിരുന്നു.

ലോക്ഡൗണിൽ സമീപവാസികളായ ഒട്ടേറെപ്പേർ കഷ്ടപ്പെടുന്നത് കണ്ടതോടെ രണ്ടുടൺ ഭക്ഷ്യധാന്യങ്ങൾ അവർക്കായി വിതരണം നടത്തി. അഞ്ചുദിവസം മുമ്പാണ് പാസ്കൽ, സുഹൃത്തായ ഹോളി മദർ സ്കൂൾ പ്രിൻസിപ്പൽ റഫീക്ക് സിദ്ദിഖിയിൽനിന്ന് സഹ അധ്യാപികയായ ശബാന മാലിക്കിന്റെ ഭർത്താവ് കോവിഡിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ വലയുന്നുവെന്ന വിവരമറിയുന്നത്. സംഭവം അറിഞ്ഞയുടൻ വീട്ടിൽ റോസിക്കായി സൂക്ഷിച്ച സിലിൻഡർ പാസ്കൽ അധ്യാപികയ്ക്ക് കൈമാറി. അധ്യാപികയുടെ ഭർത്താവ് സുഖം പ്രാപിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പേർക്ക് ഓക്സിജൻ ആവശ്യമായി വരുന്നുവെന്ന വാർത്തകളാണ് കേട്ടത്.

റോസിയോട് പറയാതെയാണ് ഓക്സിജൻ സിലിൻഡർ അധ്യാപികയ്ക്ക് നൽകിയത്. ഓക്സിജൻ സിലിൻഡർ കാണാതായതോടെ റോസി ഭർത്താവിനോട് കാര്യം തിരക്കി. ഇതോടെ പാസ്കൽ സംഭവം പറഞ്ഞു. കൂടുതൽ പേർക്ക് ഓക്സിജൻ ആവശ്യമായി വരുന്നുവെന്ന കാര്യങ്ങളും അറിയിച്ചു. ഇതോടെ റോസി തന്റെ പക്കലുണ്ടായിരുന്ന ആഭരണം ഊരി നൽകി. ആഭരണം വിറ്റ 80,000 രൂപയ്ക്ക് കൂടുതൽ ഓക്സിജൻ സിലിൻഡറുകൾ വാങ്ങി. ശബാന മാലിക്കിന്റെ ഭർത്താവിനെ കൂടാതെ ഏഴുപേരുടെ ജീവൻ രക്ഷിക്കാൻ ഈ ദമ്പതിമാർക്ക്‌ കഴിഞ്ഞു.