മുംബൈ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത് 568 പേർ. ബുധനാഴ്ചയും ഇത്രയുംപേർ തന്നെയാണ് മരിച്ചത്. കോവിഡ് മരണം 500 കടക്കുന്നത് ഇത് തുടർച്ചയായി മൂന്നാം ദിവസമാണ്. ഇതോടെ ആകെമരണം 62,479 ആയി. വ്യാഴാഴ്ച 67,013 പേർക്കാണ് പുതുതായി രോഗംപിടിപെട്ടത്. ഇതോടെ ഇതുവരെ രോഗംപിടിപെട്ടവരുടെ എണ്ണം 40.94 ലക്ഷമായി. 62,298 പേർ ആശുപത്രി വിട്ടപ്പോൾ രോഗമുക്തരുടെ എണ്ണം 33.30 ലക്ഷമായി. നിലവിൽ ചികിത്സയിലുള്ളത് 6.99 ലക്ഷം പേരാണ്. മുംബൈയിൽ 7,410 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 8,090 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 6.09 ലക്ഷവും രോഗമുക്തി നേടിയവരുടെ എണ്ണം 5.12 ലക്ഷവുമായി. 75 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ആകെമരണം 12,576 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 83,953 ആയി കുറഞ്ഞിട്ടുണ്ട്. മീരാ-ഭയന്തരറിൽ ആറ് ഓഫീസർമാരടക്കം 23 പോലീസുകാർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

ഓക്സിജന്റെക്ഷാമം സംസ്ഥാനത്ത് രൂക്ഷമായി തുടരുകയാണ്. അതേസമയം മഹാരാഷ്ട്രയിലേക്കുള്ള പ്രത്യേക ഓക്സിജൻ എക്സ്‌പ്രസ് വ്യാഴാഴ്ച രാത്രി വിശാഖപട്ടണത്ത് നിന്ന് പുറപ്പെടുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ചയോടെ ഈ വണ്ടിമഹാരാഷ്ട്രയിൽ എത്തും. സംസ്ഥാനത്ത് ബുധനാഴ്ച പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ വ്യാഴാഴ്ച രാത്രി എട്ടുമുതൽ ആരംഭിച്ചു. മേയ് ഒന്ന് വരെയായിരിക്കും ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക.