മുംബൈ : കോവിഡ്‌ വ്യാപനം ശക്തമായിരിക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ മരിച്ച പോലീസുകാർ 25 പേർ. സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച പോലീസുകാരുടെ എണ്ണം ഇതോടെ 389 ആയി. ഒസ്‌മാനാബാദിൽ നാല്‌ പോലീസുകാരും പർഭാനിയിലും മുംബൈയിലും മൂന്ന്‌ പോലീസുകാർ വീതവും നാസിക്കിൽ രണ്ടുപേരും നവിമുംബൈ, ബീഡ്‌, നന്ദേഡ്‌, ദുലെ, ലാത്തൂർ, പുണെ എന്നിവിടങ്ങളിൽ ഒാരോ പോലീസുകാരുമാണ്‌ അടുത്തയിടെ മരിച്ചത്‌.

സംസ്ഥാന റിസർവ്‌ പോലീസിലെ മൂന്നുപേരും കോവിഡ്‌ കാരണം മരിച്ചു. മരിക്കുന്ന പോലീസുകാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യപ്രശ്നങ്ങളുള്ളവരും അമ്പത്‌ വയസ്സിനുമുകളിൽ പ്രായമുള്ളവരുമായ പോലീസുകാർക്ക്‌ ഡ്യൂട്ടിയിൽ ഇളവ്‌ അനുവദിച്ചു.