:മുഹമ്മദ് നബിയുടെ അനുയായിയായ അനസ് (റ) ഒരു ദിവസം പ്രവാചകനോട് പറഞ്ഞു “നബിയേ, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു”. അപ്പോൾ നബി പറഞ്ഞു: “എങ്കിൽ, താങ്കൾ രാവിലും പകലിലും ഒരു മനുഷ്യനോടും വെറുപ്പില്ലാത്തവനായി ജീവിക്കുക. അതാണ് എന്റെ രീതി”. ഹൃദയശുദ്ധീകരണത്തിന്റെ ശക്തമായ ഒരു സന്ദേശമാണ് മുകളിൽ പരാമർശിക്കപ്പെട്ട സംഭവം പകർന്നുനൽകുന്നത്. ഹൃദയങ്ങളുടെ സംസ്കരണത്തിന് അതിയായ പ്രാധാന്യംനൽകുന്ന ഈ റംസാൻമാസം ലക്ഷ്യംവെക്കുന്നതും അത്തരമൊരു സംസ്കരണമാണ്. ഭക്ഷണപാനീയങ്ങളാൽ നിറഞ്ഞ വയറുകളിൽനിന്നും മാലിന്യങ്ങളാൽ നിറഞ്ഞ മനസ്സുകളിൽനിന്നും ഒഴിഞ്ഞ വയറിലേക്കും ഒഴിഞ്ഞ മനസ്സുകളിലേക്കും ഉള്ള പ്രയാണമാണ് റംസാൻ. അന്നപാനീയങ്ങളിൽനിന്നും വയറിനെ സ്വതന്ത്രമാക്കുന്നതോടുകൂടത്തന്നെ, നല്ലതല്ലാത്ത ചിന്തകളിൽനിന്നുപോലും മനസ്സിനെ സ്വതന്ത്രമാക്കുമ്പോൾമാത്രമാണ് ഒരു വിശ്വാസി യഥാർഥ നോമ്പുകാരനാകുന്നത്. ഭക്ഷണവും വെള്ളവും വെടിഞ്ഞ്, തിന്മകളിൽ വ്യാപൃതനായാൽ യഥാർഥ നോമ്പ് സുസാധ്യമാകുന്നില്ല എന്ന് സാരം. അതുകൊണ്ടുതന്നെയാണ് നോമ്പ് നഷ്ടമാകുന്ന കാര്യങ്ങളിൽ കളവുപറയലിനെയും ഏഷണി, പരദൂഷണം തുടങ്ങിയ പ്രവൃത്തികളെയും നബിതിരുമേനി എണ്ണിയത്.

നോമ്പ് ഒരു ശാരീരിക പ്രക്രിയയെക്കാൾ ഒരു മാനസിക പ്രക്രിയയാണ്. ഇതിലൂന്നിയ ഒരു ആത്മസംസ്കരണത്തിന്റെ ആവശ്യകതയിലേക്കാണ് ഇസ്‌ലാം ഇടയ്ക്കിടെ വിരൽച്ചൂണ്ടുന്നത്. ഒരു വ്യക്തി യഥാർഥ വിശ്വാസിയാകണമെങ്കിൽ അവൻ മറ്റൊരാളെ തന്റെ കൈകൾകൊണ്ടും നാവുകൊണ്ടും ഉപദ്രവിക്കരുത് എന്നാണ് നബി പഠിപ്പിച്ചത്. ഇത് ഒരു സമർപ്പണമാണ്. സ്വന്തം താത്‌പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ സന്തോഷവും നന്മയും ആഗ്രഹിക്കുന്ന അത്യുന്നതമായ ഒരു മനോനില പ്രാപിക്കലാണ്. അത്തരക്കാർക്കുള്ളതാണ് സ്വർഗം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വർഗാവകാശിയെന്ന് നബിതിരുമേനി വിശേഷിപ്പിച്ച ഒരു അനുചരന്റെ ജീവിതത്തിൽ വളരെ പ്രകടമായതോ അസാധാരണമായതോ ആയ വ്യത്യാസങ്ങൾ ഒന്നും കാണാതായപ്പോൾ, പ്രവാചകാനുയായികൾ ആ അനുചരനോടുതന്നെ കാര്യം തിരക്കി. അവർ പറഞ്ഞു: ‘‘ഞാൻ എന്റെ മനസ്സിൽ ഒരാളോടുപോലും വെറുപ്പ് സൂക്ഷിക്കാറില്ല’’. നിത്യവും ഉറങ്ങുന്നതിനുമുമ്പ് തന്റെ മനസ്സിനെ എല്ലാതരം വെറുപ്പുകളിൽനിന്നും മോചിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. ആ ശൈലിയാണ് അദ്ദേഹത്തെ സ്വർഗസ്ഥനാക്കിയത്.

ഇങ്ങനെയുള്ള മാനസികഗുണങ്ങളെ പരിശീലിപ്പിച്ചെടുക്കാനുള്ളതാണ് നോമ്പുകാലം. അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടമുള്ള പ്രവൃത്തി മറ്റുള്ളവർക്ക് ഉപകാരംചെയ്യലും അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കലുമാണെന്ന ബോധ്യം നാം ഉൾക്കൊള്ളുക. അപ്പോൾ, നമുക്ക് നമ്മളെക്കാൾ വലിയ ഒരു ലോകത്തെ കാണാൻകഴിയും. അവിടെ വെറുപ്പില്ല, സ്നേഹംമാത്രം. പകയില്ല, പകരം കാരുണ്യംമാത്രം.