മുംബൈ : മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെതിരേ മഹാരാഷ്ട്ര സർക്കാർ ഒരു അന്വേഷണത്തിനുകൂടി ഉത്തരവിട്ടു. അഴിമതിയാരോപിച്ച് പോലീസ് ഇൻസ്പെക്ടർ അനുപ് ദാംഗേ രണ്ടുമാസം മുമ്പ് ആഭ്യന്തരവകുപ്പിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം. ഡി.ജി.പി. സഞ്ജയ് പാണ്ഡേയ്ക്കാണ് അന്വേഷണച്ചുമതല.

മതിയായ തെളിവുകളില്ലാതെ ഒരാളെ പ്രതിപ്പട്ടികയിൽ ചേർത്തുവെന്നു കണ്ടതിനെത്തുടർന്ന് കഴിഞ്ഞവർഷം സർവീസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് അനൂപ് ദാംഗേ. അടുത്തയിടെയാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിക്കുന്നതിനായി പരംബീർ സിങ് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദാംഗേയുടെ കത്തിൽ പറയുന്നത്. അഴിമതി വിരുദ്ധ ബ്യൂറോയടെ മേധാവിയായിരിക്കേ, അധോലോക ബന്ധമുള്ള ചിലരെ രക്ഷിക്കാൻ സിങ് ശ്രമിച്ചിരുന്നുവെന്ന ആരോപണവും കത്തിലുണ്ട്. ആരോപണങ്ങൾ ശരിയാണോ എന്ന് അന്വേഷിക്കാനാണ് പാണ്ഡേയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾ വെച്ച സംഭവത്തിൽ യഥാർഥ വസ്തുതകൾ സർക്കാരിനെ അറിയിക്കുന്നതിൽ അന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ്ങിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഡി.ജി.പി.യെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.

ഈ കേസിലും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിലും കീഴുദ്യോഗസ്ഥനായ സച്ചിൻ വാസേ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തിൽ സിങ്ങിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം എന്തെങ്കിലുമുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.

സച്ചിൻ വാസേ അറസ്റ്റുചെയ്യപ്പെട്ട ഉടനെയാണ് മുംബൈ പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് പരംബീർ സിങ്ങിനെ നീക്കിയത്. ഇതിനുപിന്നാലെ, ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിനെതിരേ ഗുരുതരമായ ആരോപണങ്ങളുയർത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക്‌ അദ്ദേഹം കത്തയച്ചു.

നഗരത്തിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനൽകണമെന്ന് ദേശ്‌മുഖ് പോലീസുകാരോട് നിർദേശിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് ഈ ആരോപണത്തെപ്പറ്റി സി.ബി.ഐ. അന്വേഷണം നടക്കുകയാണിപ്പോൾ. ഇതേത്തുടർന്ന് ദേശ്‌മുഖിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുകയും ചെയ്തു.