മുംബൈ : വിനോദ സഞ്ചാരത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ ഗൂഢസംഘം മുംബൈ പോലീസിന്റെ വലയിലായി. നടത്തിപ്പുകാരായ രണ്ടു സ്ത്രീകളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. രണ്ടു പെൺകുട്ടികളെ രക്ഷപ്പെടുത്തി.

നഗരത്തിൽ സെക്സ് ടൂറിസം റാക്കറ്റ് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഈ സംഘത്തെക്കുടുക്കാൻ പോലീസ് വല വിരിച്ചത്. അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തേ അറസ്റ്റിലായിട്ടുള്ള ഒരു സ്ത്രീയായിരുന്നു സംഘത്തിന്റെ നടത്തിപ്പുകാരി.

ഇടപാടുകാരായി ചമഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഗോവ യാത്രയ്ക്ക് കൂട്ടുപോകുന്നതിന് രണ്ടു പെൺകുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടു. അവരോട് മുംബൈ വിമാനത്താവളത്തിലെത്താൻ നിർദേശിക്കുകയും ചെയ്തു.

ഇതനുസരിച്ച് ഒരു സ്ത്രീയും രണ്ടു പെൺകുട്ടികളും വിമാനത്താവളത്തിലെത്തി. ഇവർക്ക് ഗോവയ്ക്കുള്ള ടിക്കറ്റും പണവും കൈമാറി. സൂചന ലഭിച്ചയുടൻ മറ്റു പോലീസുകാർ വന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ നടത്തിപ്പുകാരി അപ്പോഴേക്ക്‌ വിമാനത്താവളത്തിന്റെ അകത്തുകയറി ബോഡിങ് പാസ് എടുത്തിരുന്നു. സി.ഐ.എസ്. എഫിന്റെ സഹായത്തോടെ ഇവരെയും പിടികൂടി.

പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടികളെ റെസ്ക്യുഹോമിലേക്ക് അയച്ചു.