മുംബൈ : മുൻ മന്ത്രി സുനിൽ ദേശ്‌മുഖ് ബി.ജെ.പി. വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി. മഹാരാഷ്ട്ര കോൺഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെയാണ് അദ്ദേഹത്തിന് കോൺഗ്രസ് അംഗത്വം നൽകിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായും വിലാസ് റാവു ദേശ്‌മുഖ് സർക്കാരിൽ ധനകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള സുനിൽ ദേശ്‌മുഖ് 2014-ൽ ആണ് ബി.ജെ.പി.യിൽ ചേർന്നത്.

വിദർഭ മേഖലയിൽ ബി.ജെ.പി.യെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ദേശ്‌മുഖ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിതിൻ ഗഡ്കരിയുടെ വിശ്വസ്തനായിരുന്ന ദേശ്‌മുഖ് ബി.ജെ.പി.യിൽ ദേവേന്ദ്ര ഫഡ്‌നവിസിന്റെ മേധാവിത്വം വന്നതോടെയാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയും ചെയ്തു.

കുറേക്കാലമായി ബി.ജെ.പി.യിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നുവെന്നും അതുകൊണ്ടാണ് മാതൃസംഘടനയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും ദേശ്‌മുഖ് പറഞ്ഞു.

ദേശ്‌മുഖിന്റെ വരവ് വിദർഭയിൽ കോൺഗ്രസിന് വലിയ നേട്ടമാകുമെന്ന് നാനാ പട്ടോളെ അവകാശപ്പെട്ടു. അമരവതി നഗരസഭയിലെ 18 ബി.ജെ.പി. അംഗങ്ങളും എൻ.സി.പി.യുടെ മുൻ എം.എൽ.എ. ദിലീപ് ബൻസോഡേയും ദേശ്‌മുഖിനൊപ്പം കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.