മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ വാഹനത്തിൽ സ്ഫോടകവസ്തുക്കൾവെച്ച സംഭവത്തിൽ അറസ്റ്റിലായ മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായിരുന്ന പ്രദീപ് ശർമ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻ.ഐ.എ. പറയുന്നു. ഗൂഢാലോചനയുടെ വിശദാംശങ്ങൾ മനസ്സിലാക്കാനായി നേരത്തേ അറസ്റ്റിലായ സച്ചിൻ വാസേയെയും ശർമയെയും ഒരുമിച്ച് ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് എൻ.ഐ.എ.

അംബാനി വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമായതിനെത്തുടർന്നാണ് പ്രദീപ് ശർമയെ അറസ്റ്റുചെയ്തത്. എന്നാൽ, ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ശർമ ചെയ്യുന്നതെന്ന് എൻ.ഐ.എ. വൃത്തങ്ങൾ പറയുന്നു. സമർഥനായ അന്വേഷണോദ്യോഗസ്ഥനെന്ന് പേരുകേട്ട ശർമയ്‌ക്ക് ചോദ്യംചെയ്യലിന്റെ രീതികളെപ്പറ്റി നല്ല ധാരണയുണ്ട്. ചോദ്യങ്ങളെ എങ്ങനെയാണ് മറികടക്കേണ്ടതെന്നും അദ്ദേഹത്തിനറിയാം.

മുംബൈ പോലീസിൽ രണ്ടുചേരിയുണ്ടെന്നും അതിൽ തനിക്കെതിരേ പ്രവർത്തിക്കുന്ന ചേരിയാണ് അറസ്റ്റിനു പിന്നിലെന്നുമാണ് പ്രദീപ് ശർമയുടെ ഭാഷ്യം. എൻ.ഐ.എ.യുമായി ചേർന്ന് തനിക്കെതിരേ തെളിവുകൾ ചമച്ചത് അവരാണെന്ന് ശർമ പറയുന്നു. ഏറ്റുമുട്ടൽവിദഗ്ധരായിരുന്ന പ്രദീപ് ശർമയുടെ നേതൃത്വത്തിലും വിജയ് സലാസ്‌കറിന്റെ നേതൃത്വത്തിലും മുംബൈ പോലീസിൽ രണ്ട് പ്രബല ചേരികളുണ്ടായിരുന്നു. ഇരുവരുടെയും സംഘാംഗങ്ങൾ തമ്മിൽ പരസ്പരംകണ്ടാൽ സംസാരിക്കാറുപോലുമില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ തനിക്കെതിരേ നിലയുറപ്പിച്ചിരുന്ന സംഘമാണ് ഇപ്പോഴത്തെ ഗൂഢാലോചനയ്ക്കുപിന്നിൽ എന്നാണ് ശർമ പറയുന്നത്.

എന്നാൽ, അംബാനി വസതിക്കുമുന്നിൽ ബോംബുവെക്കുന്നതിനും മൻസുഖ് ഹിരേനിനെ കൊലപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കിയ പല ഗൂഢാലോചനകളിലും സച്ചിൻ വാസേയ്ക്കൊപ്പം പ്രദീപ് ശർമയും പങ്കാളിയായിരുന്നു എന്നതിന് എൻ.ഐ.എ.ക്ക്‌ തെളിവു ലഭിച്ചിട്ടുണ്ട്. വാഹനത്തിൽവെക്കാനുള്ള ജെലാറ്റിൻ സ്റ്റിക്കുകൾ താനെയിലെ ഒരു വ്യാപാരിയിൽന്ന് വാങ്ങിയത് പ്രദീപ് ശർമയാണെന്നാണ് പറയുന്നത്. മൻസുഖ് ഹിരേനിനെ കൊല നടത്തി മൃതദേഹം കടലിടുക്കിൽ എറിഞ്ഞ കൊലയാളികൾ ഇക്കാര്യം അറിയിക്കുന്നതിന് സച്ചിൻ വാസേയെയും പ്രദീപ് ശർമയേയും ബന്ധപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ട്. ശർമയെയും വാസേയെയും ഒരുമിച്ചുനിർത്തി ചോദ്യംചെയ്താൽ ഇക്കാര്യങ്ങൾ വെളിപ്പെടുമെന്നാണ് എൻ.ഐ.എ. കരുതുന്നത്.

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കുമുന്നിൽ ഫെബ്രുവരി 25-നാണ് സ്‌ഫോടകവസ്തുക്കൾ വെച്ചനിലയിൽ മഹീന്ദ്ര സ്‌കോർപിയോ വാഹനം കണ്ടെത്തിയത്. വാഹനയുടമയായിരുന്ന മൻസുഖ് ഹിരേനിന്റെ മൃതദേഹം മാർച്ച് അഞ്ചിന് മുംബ്രയിലെ കടലിടുക്കിൽ കണ്ടെത്തി. മുംബൈ പോലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ. ഇതിനകം പത്തുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. നേരത്തേ അറസ്റ്റു ചെയ്യപ്പെട്ട സച്ചിൻവാസേ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രദീപ് ശർമയെ ജൂൺ 28 വരെ എൻ.ഐ.എ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ചു ചോദ്യംചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വാങ്ങേണ്ടിവരും.