പുണെ : ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണം പ്രമാണിച്ച് പുണെയിലെ ദേശീയ പ്രകൃതിചികിത്സ കേന്ദ്രം ആഭിമുഖ്യത്തിൽ മാർച്ച് 13-ന് തുടങ്ങിയ 100 ദിവസത്തെ വെർച്വൽ യോഗ പഠന പ്രചാരണം തിങ്കളാഴ്ച സമാപിക്കും. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്വുറോപതിയുടെ (എൻ.ഐ.എൻ.) ആസ്ഥാനമായ ബാപ്പു ഭവനിൽ തിങ്കളാഴ്ച നടക്കുന്ന യോഗ ദിനാചരണം ഗാന്ധി പ്രതിമയിലെ ഹാരാർപ്പണത്തോടെ തുടങ്ങും.

കോവിഡ് വെല്ലുവിളിയെ അതിജീവിക്കാൻ മനസ്സുകൊണ്ട് ലോകം ഒത്തുചേരുന്ന ഈ അവസരത്തിൽ ശാരീരിക അകലം പാലിച്ചാണ് ഇത്തവണത്തെ യോഗ ദിനം ആചരിക്കുന്നതെന്ന് എൻ.ഐ.എൻ. ഡയറക്ടർ ഡോ. കെ. സത്യ ലക്ഷ്മി പറഞ്ഞു. മറ്റ് കുടുംബാംഗങ്ങളോടൊപ്പം അവരവരുടെ വാസസ്ഥലത്തുതന്നെ യോഗചെയ്യാനുള്ള സന്ദേശമാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.ഐ.എൻ. നൽകിയിയിട്ടുള്ളത്. യോഗ പരിശീലനത്തിലൂടെ രോഗ പ്രതിരോധം എന്ന വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ഇതേക്കുറിച്ചുള്ള വെബിനാറുകളും മറ്റും ഈ ദിവസങ്ങളിൽ എൻ.ഐ.എൻ. സംഘടിപ്പിച്ചിരുന്നത്. കേന്ദ്ര വാർത്താ പ്രസരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടന്ന 100 ദിവസത്തെ വെർച്വൽ പരിപാടിയിൽ അന്താരാഷ്ട്ര പ്രസിദ്ധിനേടിയ ഒട്ടനവധിശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും മറ്റും പങ്കെടുക്കുകയുണ്ടായി.