മുംബൈ : ബി.ജെ.പി.യുമായുള്ള സഖ്യം പുനഃ സ്ഥാപിക്കണമന്നാവശ്യപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി.) അന്വേഷണം നേരിടുന്ന ശിവസേന എം.എൽ.എ. പ്രതാപ്‌ സർനായിക്‌ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയ്‌ക്ക്‌ കത്തെഴുതി. ബി.ജെ.പി. യുമായി സഖ്യം പുനഃസ്ഥാപിക്കുന്നതോടെ കേന്ദ്രാന്വേഷണ ഏജൻസികൾ നടത്തുന്ന വേട്ടയാടലിൽനിന്ന് തന്നെപ്പോലുള്ള പാർട്ടി നേതാക്കൾക്ക്‌ രക്ഷപ്പെടാനാവുമെന്നും സർനായിക്ക്‌ കത്തിൽ പരാമർശിക്കുന്നു.

കഴിഞ്ഞ ഏഴുമാസമായി നടക്കുന്ന അന്വേഷണത്തിൽ താനും കുടുംബവും ഒറ്റയ്ക്കാണെന്നും സർനായിക്ക്‌ പരാതിപ്പെടുന്നു. ഉദ്ധവ്‌ സർക്കാരിൽ സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പി.യും ശിവസേന നേതാക്കളെ അടർത്തിമാറ്റിക്കൊണ്ടിരിക്കുകയാണ്‌.

കോൺഗ്രസ്‌ ആകട്ടെ സഖ്യമില്ലാതെ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി ബി.ജെ.പി.യുമായി സഖ്യം പുനഃസ്ഥാപിക്കുകയാണ്‌ വേണ്ടതെന്ന്‌ സർനായിക്ക്‌ ആവശ്യപ്പെട്ടു.

എൻ.സി.പി.യോട്‌ ബി.ജെ.പി.ക്ക്‌ ഒരു മൃദുസമീപനം ഉണ്ടെന്നും സർനായിക്ക്‌ കത്തിൽ പരാമർശിക്കുന്നു. താനെയിലും മുംബൈയിലും നഗരസഭാതിരഞ്ഞെടുപ്പുകൾ സമാഗതമായിരിക്കുന്ന സഹചര്യത്തിൽ സഖ്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും സർനായിക്‌ ഉദ്ധവിനോട്‌ ആവശ്യപ്പെടുന്നു. മാജിവാഡയിൽനിന്നുള്ള എം.എൽ.എ.യായ സർനായിക്‌ ശിവസേനാ വക്താവായി പ്രവർത്തിച്ചിരുന്നു. ശിവസേനയിൽ ചേരുന്നതിന്‌ മുമ്പ്‌ സർനായിക്‌ എൻ.സി.പി.യിലായിരുന്നു. റിപ്പബ്ളിക്ക്‌ ടി.വി. എഡിറ്റർ ഇൻചീഫ്‌ അർണാബ്‌ ഗോസ്വാമിക്കെതിരേ ആത്മഹത്യക്കുറിപ്പ്‌ എഴുതിവെച്ച്‌ അൻവയ്‌ നായിക്ക്‌ എന്ന ഇന്റീരിയൽ ഡിസൈനർ 2018-ൽ ജീവനൊടുക്കിയ കേസ്‌ പുനരന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ സർനായിക്കായിരുന്നു. ഈ കേസിൽ അർണാബിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.

ശിവസേനയ്ക്കും മുഖ്യമന്ത്രിക്കുമെതിരേ ബോളിവുഡ്‌ താരം കങ്കണ റണൗട്ട് രംഗത്തുവന്നപ്പോൾ സർനായിക്ക്‌ അവർക്കെതിരേ ശക്തമായി പ്രതികരിച്ചു. ഇതിന്‌ പിന്നാലെ സർനായിക്കിനെതിരേ അന്വേഷണവുമായി ഇ.ഡി. രംഗത്തെത്തി. സ്വകാര്യസെക്യൂരിറ്റി ജീവനക്കാരെ നൽകുന്ന ടോപ്‌സ്‌ ഗ്രൂപ്പുമായി ബന്ധപ്പെട്ട്‌ കള്ളപ്പണ ഇടപാട്‌ കേസിലാണ്‌ ഇ.ഡി. യുടെ അന്വേഷണം ആദ്യം ഉണ്ടായത്‌.

സർനായിക്കിന്റെ ഓഫിസുകളിലും വീട്ടിലും റെയ്‌ഡ്‌ നടത്തിയ ഇ.ഡി. മകനെ കസ്റ്റഡിയിലെടുത്തിരുന്നു. നാഷണൽ സ്പോട്ട്‌ എക്സേഞ്ച്‌ ലിമിറ്റഡുമായി (എൻ.എസ്‌.ഇ.എൽ.) ബന്ധപ്പെട്ടുള്ള നിക്ഷേപത്തട്ടിപ്പുകേസിൽ സർനായിക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ 112 പ്ലോട്ടുകൾ കോടതി ഉത്തരവുപ്രകാരം ഇ.ഡി. കണ്ടുകെട്ടി. ആസ്താഗ്രൂപ്പ്‌ എന്ന സ്ഥാപനം നിക്ഷേപകരെ 250 കോടിയോളം രൂപ കബളിപ്പിച്ചതായിട്ടാണ്‌ ആരോപണം. ഈ കേസിൽ സർനായിക്കും മക്കളും അറസ്റ്റിൽനിന്ന് സംരക്ഷണംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌.

കത്തിലെ കാര്യം ഗൗരവമേറിയതെന്ന്‌ റാവുത്ത്‌

മുബൈ : പ്രതാപ്‌ സർനായിക്ക്‌ മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ യഥാർഥത്തിലുള്ളതാണെങ്കിൽ ഗൗരവമേറിയ ഒരു കാര്യമാണ്‌ അദ്ദേഹം ഉയർത്തിയിരിക്കുന്നതെന്ന്‌ ശിവസേന നേതാവും വക്താവുമായ സഞ്‌ജയ്‌ റാവുത്ത്‌ പ്രതികരിച്ചു.

കേന്ദ്രസർക്കാർ മഹാവികാസ്‌ അഘാഡി എം.എൽ.എ. മാരെ വേട്ടയാടുന്നുവെന്ന പരാതിയാണ്‌ സർനായിക്ക്‌ കത്തിൽ ഉയർത്തിയിരിക്കുന്നത്‌. അതിൽകൂടുതൽ ഈ കത്തിനെക്കുറിച്ച്‌ പറയാനില്ലെന്നും റാവുത്ത് പ്രതികരിച്ചു.