മുംബൈ : മഴക്കാലത്ത്‌ വീടിനുള്ളിലേക്ക്‌ അഴുക്കുവെള്ളം അടിച്ചുകയറുന്നതിനെതിരേ വെള്ളക്കെട്ടിൽ കുത്തിയിരുന്ന്‌ 70 വയസ്സുകാരന്റെ പ്രതിഷേധം. വസായ്‌-വിരാർ മുനിസിപ്പൽ കോർപ്പറേഷനെതിരേയായിരുന്നു അശോക്‌ തലാജിയ എന്ന വയോധികന്റെ പ്രതിഷേധം. എല്ലാ മഴക്കാലത്തും അശോകിന്റെ വീട്ടിൽ വെള്ളം കയറും. ഇവിടെ ഓടുകളിലൂടെ വെള്ളം ഒലിച്ചുപോകുന്നില്ല. വസായ്‌ വെസ്റ്റിൽ അശ്വിൻനഗർ സൊസൈറ്റിയിലാണ്‌ അശോക്‌ തലാജിയുടെ താമസം. വീട്‌ താഴത്തെ നിലയിലായതിനാൽ ചെറിയമഴയിൽ പോലും വെള്ളം അകത്ത്‌ കയറും. മലിനജലം വീടിനുള്ളിൽ കയറുന്നതോടെ ജീവിതം ദുരിതപൂർണമാകുമെന്ന്‌ മകൾ കോമളം പറഞ്ഞു.

2017-ലെ വലിയ മഴയിൽ വീടിനുള്ളിൽ വെള്ളം കയറി സാധനങ്ങളെല്ലാം നശിച്ചുപോയിരുന്നു. വെള്ളക്കെട്ടിൽ മണിക്കൂറുകളോളം കുത്തിയിരുന്നതോടെ തലാജിയ അവശനായി. ദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതല്ലാതെ മറ്റൊരു മാർഗമില്ലായിരുന്നുവെന്നും ഇനിയെങ്കിലും ഇക്കാര്യത്തിൽ നഗരസഭാധികൃതർ എന്തെങ്കിലും ചെയ്യുമെന്ന്‌ കരുതുന്നതായും അദ്ദേഹം പറഞ്ഞു.