മുംബൈ : കിടപ്പ്‌ രോഗികൾക്ക്‌ വീടുകളിൽ കോവിഡ്‌ പ്രതിരോധകുത്തിവെപ്പ്‌ നടത്തുന്നത്‌ അടുത്തമാസം മുംബൈയിൽ ആരംഭിക്കുമെന്ന്‌ മഹാരാഷ്ട്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുണെയിൽ ഇതിന്‌ തുടക്കം കുറിക്കാനായിരുന്നു സർക്കാർ ആദ്യം ആലോചിച്ചിരുന്നത്‌. എന്നാൽ മുംബൈയിൽനിന്ന് കൂടുതൽ അപേക്ഷകർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ്‌ ഒന്നിന്‌ നഗരത്തിൽ പദ്ധതിക്ക്‌ തുടക്കം കുറിക്കാൻ തീരുമാനിച്ചതായി അഡ്വക്കേറ്റ്‌ ജനറൽ ആശുതോഷ്‌ കുംഭകോണി ഹൈക്കോടതിയെ അറിയിച്ചു. സൗജന്യമായിരിക്കും കുത്തിവെപ്പ്‌.

സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച ചീഫ്‌ ജസ്റ്റിസ്‌ ദീപാങ്കർ മേത്തയും ജസ്റ്റിസ്‌ ജി.എസ്‌.കുൽക്കർണിയും അടങ്ങിയ ഡിവിഷൻ ബെഞ്ച്‌ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അവസരത്തിനൊത്ത്‌ ഉയർന്നില്ലെന്ന്‌ വിമർശിച്ചു. കിടപ്പ്‌രോഗികൾക്ക്‌ കോവിഡ്‌ പ്രതിരോധ കുത്തിവെപ്പിനായി മുംബൈയിൽ 3505 അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ്‌ ജനറൽ കോടതിയെ അറിയിച്ചു.

കിടപ്പ്‌രോഗികൾക്ക്‌ വീടുകളിൽ വാക്സിൻ നൽകുന്ന കാര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്‌ ദൃതികപാഡിയ എന്ന അഭിഭാഷകയാണ്‌ പൊതുതാത്‌പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്‌. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും വേഗത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി സംസ്‌ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും കിടപ്പ്‌ രോഗികൾക്ക്‌ വീടുകളിലെത്തി വാക്സിൻ നൽകുകയെന്ന്‌ ബി.എം.സി. വ്യക്തമാക്കിയിരുന്നു. പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി covidvacc2bedridden@gmail.com എന്ന ഇ- മെയിൽ വിലാസം ബി.എം.സി. നൽകിയിട്ടുണ്ട്‌. പേരുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ബി.എം.സിയുടെ മെഡിക്കൽ ഒാഫിസർമാർ വീടുകളിലെത്തി അന്വേഷണം നടത്തും. അടുത്ത സ്ഥലങ്ങളിലായി പത്ത്‌ കിടപ്പ്‌ രോഗികളെയെങ്കിലും മെഡിക്കൽ ഓഫിസർ കണ്ടെത്തി കഴിഞ്ഞശേഷമായിരിക്കുംപ്രതിരോധ കുത്തിവെപ്പ്‌ നടത്തുക. മരുന്ന്‌ പാഴായിപ്പോകാതിരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്‌.