മുംബൈ : അർധരാത്രി വീടിനുമുകളിൽ പതിച്ച പറക്കല്ലുകൾക്കും മണ്ണിനും ഇടയിലായിരുന്നു കിരൺദേവി വിശ്വകർമയെന്ന മുപ്പത്തിരണ്ടുകാരി. അപകടത്തിൽനിന്ന് സഹോദരപുത്രൻ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ എന്നെ രക്ഷിക്കാതെ മകളെ രക്ഷപ്പെടുത്തുവെന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പതിനാലുകാരിയായ മകളുടെ നിലവിളി കേൾക്കാമായിരുന്നുവെങ്കിലും പാറക്കല്ലുകളും മണ്ണും അവളെ വന്നുമൂടിയിരുന്നു. ഏറെ താമസിയാതെ വീണ്ടും വീടിന് മുകളിലേക്ക് പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഇല്ലാതായത് ഒരു കുടുംബവും അവരുടെ സ്വപ്നങ്ങളുമായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വിക്രോളി, സൂര്യനഗറിലെ പഞ്ചശീൽ ചൗളിൽ ഒട്ടേറെ വീടുകൾക്കുമുകളിൽ ഉരുൾപൊട്ടലിനെത്തുടർന്ന് പാറക്കല്ലുകളും മണ്ണും പതിക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷമായിരുന്നു ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

മരപ്പണി ജോലികൾ ചെയ്തുവരുന്ന കുടുംബമാണ് കിരൺദേവിയുടേത്. വിക്രോളി കുന്നിൻചെരുവിലെ ചേരി പ്രദേശത്താണ് ഇവരുടെ താമസം. ഭർത്താവ് ഹൻസ്‌രാജ്, മകൻ പ്രിൻസ്, മകൾ പിങ്കി, സഹോദരപുത്രൻമാരായ രവിശങ്കർ, ആശിഷ് എന്നിവരടങ്ങിയതാണ് കുടുംബം. 3000 രൂപ വാടകയ്ക്ക് ചെറിയ വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. മരപ്പണിക്കാരനായ ഹൻസ്‌രാജ് വിക്രോളിയിൽനിന്ന് കുറച്ചകലെയുള്ള ഹിരാനന്ദാനിയിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തും. അധികജോലികൾ തീർക്കാനുള്ളതിനാൽ ഈ ഞായറാഴ്ച ഹൻസ്‌രാജ് വീട്ടിലെത്തിയിരുന്നില്ല. മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്തത്തിൽനിന്ന് രവിശങ്കറിനുമാത്രമാണ് രക്ഷപ്പെടാനായത്. വാതിലിന് സമീപത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് രവിശങ്കർ പറയുന്നു. അമ്മായി കിരൺദേവിയെ എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ശരീരത്തിന് കീഴ്ഭാഗത്തേക്ക് അവശിഷ്ടങ്ങൾ വീണിരുന്നു. പിങ്കി സഹായത്തിനായി അലറുന്നുണ്ടായിരുന്നു. അവൾ മാലിന്യത്തിന്റെ അടിയിലായിരുന്നതിനാൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. കിരൺദേവിയെ രക്ഷപ്പെടുത്താനായി ഞാൻ കൈനീട്ടി. എന്നാൽ, എന്റെ കൈ നിരസിച്ച അവർ പിങ്കിയെ ആദ്യം രക്ഷപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. 60 സെക്കൻഡിനകം വീണ്ടും കല്ലും മണ്ണും വീടിന് മുകളിലേക്ക് വീണു. എന്റെ ജീവൻ എനിക്ക് തിരിച്ചുകിട്ടി. എന്നാൽ, ദുരന്തത്തിൽ അനിയൻ ആശിഷിനെയും മറ്റുള്ളവരെയും നഷ്ടമായെന്ന് രവിശങ്കർ പറഞ്ഞു.