മുംബൈ : കനത്ത മഴയെത്തുടർന്ന് പാളത്തിലേക്ക് വീണ മണ്ണ് മാറ്റി തിങ്കളാഴ്ച അർധരാത്രിയോടെ കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു. ഗോവയ്ക്കുസമീപം കർമാലി, തിവിം സ്റ്റേഷനുകൾക്കിടയിലുള്ള ഓൾഡ് ഗോവ തുരങ്കത്തിനകത്താണ് മണ്ണും ചെളിയും വീണത്. 20 മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ മുംബൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള മത്സ്യഗന്ധ എക്‌സ്‌പ്രസ് ഇതുവഴി ആദ്യം കടത്തിവിട്ടു. പിന്നീട് മറ്റ് തീവണ്ടികളും ഓടി.

മണ്ണിടിച്ചിലിനെത്തുടർന്ന് പല വണ്ടികളും വഴിമാറ്റി വിട്ടിരുന്നു. ഇതിൽ പുണെ-എറണാകുളം എക്‌സ്‌പ്രസ് ഒഴികെ ബാക്കിയെല്ലാ വണ്ടികളും മാറ്റിയ വഴിയിലൂടെത്തന്നെയാണ് ഓടിയത്. എന്നാൽ, പുണെ-എറണാകുളം പ്രതിവാര വണ്ടി കൊങ്കൺ പാത വഴിതന്നെ ഓടി.

പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിനാൽ ഉദ്ദേശിച്ച സമയത്ത് തന്നെ മണ്ണും ചെളിയും നീക്കാനായെന്ന് കൊങ്കൺ റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.