മുംബൈ : നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായി രാജ് കുന്ദ്രയെ സെഷൻസ് കോടതി ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നടി ശില്പ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രിയാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. രാജ് കുന്ദ്രയ്ക്കൊപ്പം അറസ്റ്റിലായ റയാൻ തോർപ്പിനെയും 23 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീലച്ചിത്രനിർമാണ റാക്കറ്റിൽ കുന്ദ്രയ്ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കുന്ദ്രയുടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐ.ടി. ആക്ട് പ്രകാരവുമാണ് കുന്ദ്രയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയ കുന്ദ്രയെ പരമാവധി ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. നീലച്ചിത്രങ്ങൾ നിർമിച്ച് വിൽപ്പന നടത്തിയതിലൂടെ കുന്ദ്ര വൻ സാമ്പത്തികനേട്ടമുണ്ടാക്കിയതായും പോലീസ് കോടതിയെ അറിയിച്ചു. രാജ് കുന്ദ്രയ്ക്ക് ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഒരു നിർമാണക്കമ്പനിയുണ്ട്. രാജ് കുന്ദ്രയുടെയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി. ഈ കമ്പനിയുടെ മറവിലാണ് നീലച്ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റുകളും തെളിവാണ്.

കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളിൽനിന്ന് ഇരുവരും നേടിയത്. മൊബൈൽഫോണിൽനിന്ന് നീലച്ചിത്ര ബിസിനസ് ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് അറിയിച്ചു.

തുടർന്നാണ് ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.

ഈ വർഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരേയുള്ള പരാതിയിൽ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്.

രാജ്കുന്ദ്രയ്ക്കെതിരേ മൊഴിയുമായി നടിമാർ

മുംബൈ : നീലച്ചിത്രനിർമാണത്തിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കെതിരേ മൊഴി നൽകിയവരിൽ ബോളിവുഡ് നടി പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര, സാഗരികഷോണ സുമൻ എന്നിവർ. അശ്ലീല ചിത്രനിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ആംസ്പ്രം മീഡിയയുമായി പൂനം കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, കരാർ കാലാവധി അവസാനിച്ചതിനുശേഷവും വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയത്. ഇപ്പോൾ നടന്ന അറസ്റ്റിനെക്കുറിച്ച് ഒന്നു പറയാനില്ലെന്ന് പൂനം പ്രതികരിച്ചു.

തന്റെ ഹൃദയം ശിൽപ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണെന്നും അനുഭവിച്ച മാനസികസംഘർഷങ്ങളെക്കുറിച്ച് പങ്കുവെക്കാനുള്ള അവസരം ഇതല്ലെന്നും പൂനം വ്യക്തമാക്കി. നടിയും മോഡലുമായ ഷെർലിൻ ചോപ്ര മൊഴി നൽകിയതുപ്രകാരമാണ് രാജ് കുന്ദ്രെയെ അറസ്റ്റുചെയ്തത്.

കുന്ദ്രയ്ക്കെതിരേ ആരോപണവുമായി നടി സാഗരിക ഷോണ സുമൻ രംഗത്തെത്തി. തന്നെയും രാജ് കുന്ദ്രയും സംഘവും ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.

ഓഡീഷന് നഗ്നവീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാൽ, ഞാൻ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവർ -സാഗരിക സുമൻ ആരോപിച്ചു.