മുംബൈ : മഹാരാഷ്ട്രയിൽ ഗ്രാമങ്ങളുടെ ഭരണത്തിലേക്ക് യുവാക്കൾ കൂടുതലായി എത്തുന്നു. ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സവിശേഷതയും ഇതുതന്നെയെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ലോക്ഡൗണിനെത്തുടർന്ന് യുവാക്കൾ ഗ്രാമങ്ങളിൽ സജീവമായത് ഇതിന് കാരണമായിട്ടുണ്ടെന്നാണ് അവരുടെ അഭിപ്രായം. പതിനാലാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം പഞ്ചായത്തുകളിലേക്ക് നേരിട്ട് പണമെത്തുന്നത് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കൂടുതൽ ആകർഷമാക്കിയിട്ടുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകനും പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ വിവേക് ഘോട്ടാലെ അഭിപ്രായപ്പെടുന്നു.
സോളാപുരിലെ മഹൽ താലൂക്കിലുള്ള ഘാട്‌നെ ഗ്രാമപ്പഞ്ചായത്തിലേക്ക് 21-കാരനായ രുഥുരാജ് ദേശ്മുഖ് തിരഞ്ഞെടുക്കപ്പെട്ടു. സയൻസിൽ ബിരുദധാരിയാണ് രുഥുരാജ്. മാതാപിതാക്കൾ കർഷകരാണ്. ഗ്രാമത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും സൗരോർജപദ്ധതിയുമായി പരിഹാരം കാണാൻ മുന്നിട്ടിറങ്ങുമെന്നും രുഥുരാജ് പറഞ്ഞു. സത്താറയിലെ കുംഭാർഗാവ് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട കിഷോർമോറെ (28) ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്നു. ആദ്യമായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 113 വോട്ടുകൾക്ക് വിജയിച്ചു. സഞ്ജയ്‌ഭോയ്ർ (33) നന്ദേഡിലെ അന്തപർ പഞ്ചായത്ത് അംഗമായി വിജയിച്ചു. പെയിന്റിങ് കോൺട്രാക്‌റാണ് ഇദ്ദേഹം. മതംഗ് എന്ന ദളിത് സമൂഹത്തിൽനിന്നും പൊതുരംഗത്തേക്കു കടന്നുവന്നിരിക്കുകയാണ് സഞ്ജയ്.
അഹ്മദ്‌നഗറിലെ നായ്ഗാവ് പഞ്ചായത്തംഗമായി 22-കാരിയായ സന്ധ്യ സോണാവ്‌നെ തിരഞ്ഞെടുക്കപ്പെട്ടു. നിയമബിരുദധാരിയാണ്. പട്ടികവിഭാഗക്കാരിയായ ഒരു പെൺകുട്ടി ജനറൽവാർഡിൽ മത്സരിക്കുന്നതിൽ പലർക്കും അതിശയം തോന്നിയിരുന്നുവെന്ന് സന്ധ്യപറഞ്ഞു.
123 വോട്ടുകൾക്കാണ് അവർ വിജയിച്ചത്. അഹ്മദ്‌നഗറിലെ പത്താർഡിയിൽ വിജയിച്ച ആകാശ് ദൗൻഡെ (24) സാവിത്രിഭായ് ഫുലെ സർവകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
120 വോട്ടുകൾക്കാണ് ആകാശ് വിജയിച്ചത്. അച്ഛനും അമ്മയും കരിമ്പുപാടത്തെ തൊഴിലാളികളാണ്. ഇന്ദപുരിലെ ചാന്ദ്ഗാവ് പഞ്ചായത്തംഗമായി തിരഞ്ഞടുക്കപ്പെട്ട മുന്നാ അരാഡെ സാവിത്രിഭായ് ഫുലെ സർവകലാശാലയിൽ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ഗ്രാമത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്ന് മുന്ന പറയുന്നു.