മുംബൈ : ടി.ആർ.പി. തട്ടിപ്പ് കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) പാർഥോ ദാസ് ഗുപ്തയ്ക്ക് മുംബൈ സെഷൻസ് കോടതി ബുധനാഴ്ച ജാമ്യം നിഷേധിച്ചു. റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി ദാസ് ഗുപ്ത നടത്തിയ വാട്‌സാപ്പ് സംഭാഷണങ്ങൾ ചൂണ്ടിക്കാണിച്ച് മുംബൈ പോലീസ് ഉയർത്തിയ എതിർവാദങ്ങൾ ശരിവെച്ചാണ് മേൽക്കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമംനടത്തിയെന്ന കേസിൽ ഡിസംബർ 24-നാണ് ദാസ് ഗുപ്തയെ അറസ്റ്റുചെയ്തത്. നേരത്തേ, മജിസ്‌ട്രേറ്റ് കോടതി ജാമ്യംനിഷേധിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്നാണ് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്. കേസന്വേഷണം പൂർത്തിയാവുകയും അനുബന്ധകുറ്റപത്രം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വെക്കേണ്ട കാര്യമില്ലെന്ന് ദാസ് ഗുപ്തയുടെ അഭിഭാഷകരായ ഷർദുൽ സിങ്ങും അർജുൻസിങ്ങും വാദിച്ചു.
എന്നാൽ, ടി.ആർ.പി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ പാർഥോ ദാസ് ഗുപ്തയാണെും ബാർക്ക് മേധാവി എന്ന സ്ഥാനം ദുരുപയോഗം ചെയ്താണ് അദ്ദേഹം കൃത്രിമം നടത്തിയതെന്നും മുംബൈ പോലീസിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശിശിർ ഹിരേ ചൂണ്ടിക്കാണിച്ചു. റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെപ്പോലുള്ള ഉന്നതരുമായി ദാസ് ഗുപ്തയ്ക്കുള്ള അടുത്തബന്ധം കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച വാട്‌സാപ്പ് സംഭാഷണ രേഖകളിൽനിന്നു വ്യക്തമാണ്.
കേസ് അട്ടിമറിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റിപ്പോലും ഇരുവരും ചർച്ച ചെയ്യുന്നുണ്ടെന്നും ഉന്നതബന്ധമുള്ള പ്രതിയെ പുറത്തുവിടുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ശിശിർ ഹിരേ ചൂണ്ടിക്കാണിച്ചു.
തലോജ സെൻട്രൽജയിലിൽ കഴിയുന്ന ദാസ് ഗുപ്തയെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ശനിയാഴ്ച ജെ.ജെ. ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ദാസ്ഗുപ്ത പ്രമേഹ രോഗിയാണെന്നും കുറച്ചുദിവസം മരുന്നുകഴിക്കാതിരുന്നതു കൊണ്ടാണ് പഞ്ചസാരയുടെ അളവ് കൂടിയതെന്നും പോലീസ് അറിയിച്ചു. ആരോഗ്യനില മോശമായാൽ ജാമ്യം ലഭിക്കുമെന്നു കരുതിയാണ് അദ്ദേഹം മരുന്ന് കഴിക്കാതിരുന്നതെന്ന് പോലീസ് പറയുന്നു.