മുംബൈ : കർഷകസമരത്തിന് പിന്തുണപ്രഖ്യാപിച്ച് ജനുവരി 25-ന് മുംബൈയിൽ നടക്കുന്ന ലോങ് മാർച്ചിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും എൻ.സി.പി. നേതാവ് ശരദ് പവാറും കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. മുംബൈ ആസാദ് മൈതാനത്തുനിന്ന് രാജ് ഭവൻ വരെയാണ് മാർച്ച്.
സമരംചെയ്യുന്ന കർഷകരോട് അനുഭാവംപ്രകടിപ്പിച്ച് കർഷക സംഘടനകളും ചില സന്നദ്ധസംഘടനകളും ജനുവരി 23 മുതൽ 25 വരെ ആസാദ് മൈതാനത്ത് പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്. ഇതിനa സമാപനംകുറിച്ചാണ് ലോങ് മാർച്ച് നടക്കുക. ഇതിൽ പങ്കെടുക്കണമെന്നഭ്യർഥിച്ച് സംഘാടകർ പവാറിനെയും ഉദ്ധവിനെയും കോൺഗ്രസ് നേതാക്കളെയും കണ്ടിരുന്നു.
പവാറും ഉദ്ധവും സമ്മതം മൂളിയതായി എൻ.സി.പി. വക്താവ് നവാബ് മാലിക്ക് അറിയിച്ചു. കോൺഗ്രസ് നേതാക്കളും പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ചിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ഉദ്ധവ് സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേനയും എൻ.സി.പി. യും കോൺഗ്രസും പുതിയ കർഷകനിയമത്തിന് എതിരാണെന്ന് മാലിക് വ്യക്തമാക്കി.