മുംബൈ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 24 മണിക്കൂറിനുള്ളിൽ 568 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഒരുദിവസം ഇത്രയധികം പേർ മരിക്കുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച 519 പേർ മരിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് 500-ലധികം പേർ 24 മണിക്കൂറിനുള്ളിൽ മരിക്കുന്നത്. ആകെ മരണ സംഖ്യ 61,911 ആയി. ബുധനാഴ്ച 67,468 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54,985 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 40.27 ലക്ഷമായി. രോഗമുക്തി നേടിയവരാകട്ടെ 32.68 ലക്ഷവും. നിലവിൽ ചികിത്സയിലുള്ളത് 6,95,747 പേരാണ്.

മുംബൈയിൽ ബുധനാഴ്ച 7684 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ ആറു ലക്ഷം കടന്നു. 6,01,590 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 24 മണിക്കൂറിനുള്ളിൽ രോഗം പിടിപെട്ടവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 40-ൽ കുറവായിരുന്നു. ഇതോടെ ആകെ മരണം 12,501 ആയി. 6790 പേർ ആശുപത്രി വിട്ടപ്പോൾ രോഗമുക്തരുടെ എണ്ണം ബുധനാഴ്ച അഞ്ചു ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാൽ 5,03,053 പേർ. നിലവിൽ ചികിത്സയിലുള്ളത് 84,743 പേരാണ്.

രോഗികൾ ഇരട്ടിയാകുന്നത് 48 ദിവസമായി കൂടിയിട്ടുണ്ട്. അഞ്ചിലധികം പേർ രോഗികളായുള്ള സീൽ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം 1198 ഉയർന്നു. ചേരി പ്രദേശങ്ങളിലെ കൺടെയ്‌ൻമെന്റ് സോണുകളുടെ എണ്ണവും 114- ലേക്ക് ഉയർന്നിട്ടുണ്ട്. ധാരാവിയിൽ ബുധനാഴ്ച 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 6166 ആയി ഉയർന്നു. തൊട്ടടുത്ത പ്രദേശമായ മാഹിമിൽ 77 പേർക്കും ദാദറിൽ 108 പേർക്കുമാണ് രോഗം പിടിപെട്ടത്. നാഗ്പുരിൽ 7229 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മരണം 98- ലേക്കുയർന്നു. ഇതാദ്യമായാണ് നാഗ്പുരിൽ 24 മണിക്കൂറിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം നൂറിനടുത്തെത്തുന്നത്.

നിലവിൽ ഇവിടെ 71,557 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 15 ശതമാനം പേർക്ക് ഓക്സിജൻ ആവശ്യമാണെന്നും 1550 മെട്രിക് ടൺ ഓക്സിജൻ സംസ്ഥാനത്ത് ഉണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ആവശ്യത്തിന് ഓക്സിജനും റെംഡിസിവർ മരുന്നും കൈവശമുണ്ടെന്നും എന്നാൽ ഡോക്ടർമാർ ഇത് കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.