മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തെക്കുറിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായെങ്കിലും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്ന് സി.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു. സി.ബി.ഐ.യുടെ ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും റിപ്പോർട്ട് ബോംബെ ഹൈക്കോടതിയിൽ സമർപ്പിക്കുക.

ദേശ്‌മുഖിനെതിരായ പ്രാഥമികാന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കാനാണ് ബോംബെ ഹൈക്കോടതി നിർദേശിച്ചത്. ഇതനുസരിച്ച് ബുധനാഴ്ചയോടെ അന്വേഷണം തീരേണ്ടതായിരുന്നു. എന്നാൽ, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവരുമെന്നാണ് സി.ബി.ഐ. ഉദ്യോഗസ്ഥർ പറയുന്നത്.

കോവിഡ് പടരുന്നതും കേസിലെ സങ്കീർണതകളുമാണ് റിപ്പോർട്ട് വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രാഥമികാന്വേഷണം 15 ദിവസംകൊണ്ട് പൂർത്തിയാക്കണമെന്ന് നിർദേശിച്ചതല്ലാതെ നിശ്ചിത ദിവസം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിവിധി വന്നത് ഏപ്രിൽ അഞ്ചിനാണെങ്കിലും വിധിപ്പകർപ്പ് കിട്ടിയത് 12-നാണ്. ഈ തീയതി വെച്ചുനോക്കിയാൽ പതിനഞ്ചുദിവസം തികയാൻ ഇനിയും അഞ്ചാറു ദിവസമുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ട് പൂർത്തിയായശേഷമേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് തുടരന്വേഷണം നടത്തേണ്ടതുണ്ടോ എന്നു തീരുമാനിക്കുകയുള്ളൂ.

നഗരത്തിലെ ബാറുകളിൽനിന്ന് എല്ലാമാസവും 100 കോടി രൂപ പിരിച്ചു നൽകണമെന്ന് മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാരോട് നിർദേശിച്ചിരുന്നെന്ന മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തെക്കുറിച്ചാണ് പ്രധാനമായും സി.ബി.ഐ. അന്വേഷിക്കുന്നത്. സി.ബി.ഐ.യുടെ രണ്ടുസംഘങ്ങൾ പത്തുദിവസം മുംബൈയിൽ ക്യാമ്പുചെയ്താണ് തെളിവെടുപ്പു നടത്തിയത്. ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന എൻ.സി.പി. നേതാവ് അനിൽ ദേശ്‌മുഖിനെ സി.ബി.ഐ. പതിനൊന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

ദേശ്‌മുഖിനെതിരേ പരാതി നൽകിയ മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്, അറസ്റ്റു ചെയ്യപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേ, ഡെപ്യൂട്ടി കമ്മിഷണർ രാജു ഭുജ്ബൽ, എ.സി.പി. സഞ്ജയ് പാട്ടീൽ, ദേശ്‌മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാന്ദേ, പേഴ്‌സണൽ അസിസ്റ്റന്റ് കുന്ദൻ ഷിന്ദേ, ബാറുടമയായ മഹേഷ് ഷെട്ടി എന്നിവരെ ചോദ്യം ചെയ്തതിനുശേഷമാണ് സി.ബി.ഐ. ദേശ്‌മുഖിന്റെ മൊഴിയെടുത്തത്.