മുംബൈ : യു.എൻ. സാമ്പത്തിക-സാമൂഹിക സമിതിയിൽ പ്രത്യേക ഉപദേശകപദവിയുള്ള ഡബ്ള്യു.എച്ച്.ഐ.യുടെ പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്കാരത്തിന് ഓർത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അർഹനായി. ഔദ്യോഗികപ്രവർത്തനമേഖലയ്ക്കുപുറത്ത് സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന തുടർപദ്ധതിക്കും ചേരികളിലെ ക്ഷയരോഗികൾക്കായി ആവിഷ്കരിച്ച ആരോഗ്യ, ചികിത്സാപദ്ധതിക്കും നൽകിയ നേതൃത്വത്തിനൊപ്പം വിദ്യാഭ്യാസരംഗത്തുനൽകിയ സമഗ്രസംഭാവനകൾകൂടി പരിഗണിച്ചാണ് ജൂറി ഗീവർഗീസ് മാർ കൂറിലോസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഡബ്ള്യു.എച്ച്.ഐ. ചെയർപേഴ്‌സൺ ഡോ. വിജയലക്ഷ്മി പറഞ്ഞു.

മുംബൈയിലെ ടാറ്റാ ആശുപത്രിയിലെത്തുന്ന നിർധനരോഗികൾക്ക് സൗജന്യതാമസവും ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കുന്ന പദ്ധതി, ചുവന്ന തെരുവുകളിൽനിന്ന് വീണ്ടെടുത്ത സ്ത്രീകൾക്കായുള്ള ആരോഗ്യ-സാമൂഹിക സുരക്ഷാ പരിപാടികൾ, മുംബൈ കലാപവേളയിൽ മതഭേദമില്ലാതെ ആയിരങ്ങൾക്ക് അഭയം നൽകുന്ന ശരണാലയമായി ആരംഭിച്ച ഗ്രിഗോറിയൻ കമ്യൂണിറ്റിയുടെ ആവിഷ്കാരം, തിയോ സർവകലാശാലയിൽ പെൺകുട്ടികൾക്കും ദൈവശാസ്ത്രപഠനത്തിന് അവസരം നൽകാനുള്ള പദ്ധതി തുടങ്ങിയവയും പുരസ്കാരനിർണയത്തിനായി ജൂറി പരിഗണിച്ചു. മുംബൈയിലെ റോഹയിൽ ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജൈവപച്ചക്കറിക്കൃഷി പദ്ധതി ഇന്ന് മാതൃകയാണ്. യൂറോപ്യൻ യൂണിയനിലെ ഇന്റർനാഷണൽ അലയൻസ് ഓഫ് വിമൻ, ദക്ഷിണകൊറിയ ആസ്ഥാനമായുള്ള ഇന്റർനാഷണൽ പീസ് ഗ്രൂപ്പ് തുടങ്ങിയ അന്താരാഷ്ട്രസമിതികളുടെ അംഗീകാരമുള്ള സംഘടനയാണ് ഡബ്ള്യു.എച്ച്.ഐ.

പുരസ്കാരലബ്ധിയോടെ യു.എന്നിൽനടക്കുന്ന ഇന്റർനാഷണൽ വിമൻ കോൺഫറൻസിന്റെ അടുത്ത സമ്മേളനത്തിൽ ഗ്രിഗോറിയൻ കമ്യൂണിറ്റിയെക്കുറിച്ചും ചേരിമേഖലകളുടെ പുനരുദ്ധാരണപദ്ധതികളെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഗീവർഗീസ് മാർ കൂറിലോസിന് അവസരം ലഭിക്കുമെന്ന് ഡോ. വിജയലക്ഷ്മി പറഞ്ഞു. ജൂലായ് മധ്യത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരവിതരണം നടത്തും.