മുംബൈ : കോവിഡ്‌ വ്യാപനത്തിന്റെ ഭീകരാവസ്ഥയിലൂടെ കടന്നുപോകുന്ന മഹാരാഷ്ട്രയിൽ ആശുപത്രികളിൽ സംഭവിക്കുന്ന ദുരന്തങ്ങളും ജനത്തെ നടുക്കുന്നു. നാസിക്‌ മുനിസിപ്പൽ കോർപ്പറേഷന്‌ കീഴിലുള്ള ഡോ. സാക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ സംഭരിച്ചിരുന്ന കൂറ്റൻ ടാങ്കിലുണ്ടായ ചോർച്ചയിൽ പ്രാണവായു കിട്ടാതെ 22 പേർ മരിച്ചതാണ്‌ ഒടുവിലത്തെ സംഭവം. കോവിഡ്‌ രോഗികളായിരുന്നു എല്ലാവരും.

മഹാരാഷ്ട്രയിൽ ഓക്സിജൻ ലഭിക്കാത്തതുമൂലം രോഗികൾ മരിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ്‌ ഈ ദാരുണ സംഭവം. അര മണിക്കൂറോളം ഓക്സിജൻ വിതരണം നിലച്ചതായും വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന തന്റെ അമ്മ പ്രാണവായു ലഭിക്കാതെ മരിക്കുകയായിരുന്നുവെന്നും കോവിഡ് രോഗിയുടെ മകൾ വിലപിച്ചു.

ഏപ്രിൽ ഒമ്പതിന്‌ നാഗ്‌പുരിലെ വെൽട്രീറ്റ്‌ എന്ന ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തതിൽ നാല്‌ കോവിഡ്‌ രോഗികൾ മരിച്ചിരുന്നു. 27 രോഗികളെ രക്ഷപ്പെടുത്തി. മാർച്ച്‌ 26 -ന്‌ മുംബൈയിലെ ബാന്ദ്രയിൽ സൺറൈസ്‌ മാളിലെ കോവിഡ്‌ സെന്ററിലുണ്ടായ തീപ്പിടിത്തതിൽ 12 പേർ മരിച്ചു. 70 രോഗികളെയാണ് ഇവിടെനിന്ന്‌ രക്ഷപ്പെടുത്തിയത്. ഭണ്ഡാരജില്ലയിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തതതിൽ 10 നവജാത ശിശുക്കൾ മരിച്ചതും എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ജനുവരിയിൽ ഭണ്ഡാരയിലെ ജില്ലാ ജനറൽ ആശുപത്രിയിലെ കോവിഡ്‌ സെന്ററിൽ ഓക്സിജൻ സപ്ലൈ ലൈനിലുണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവാകുയായിരുന്നു. രോഗികളെ എല്ലാവരും ഇവിടെനിന്ന്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റാൻ കഴിഞ്ഞു. രണ്ടാഴ്ചകൾക്കു മുമ്പ്‌ ദഹിസറിലെ കോവിഡ്‌ സെന്ററിലും തീപ്പിടിത്തം ഉണ്ടായി. 50 രോഗികളെ ഇവിടെനിന്ന്‌ രക്ഷപ്പെടുത്തി.