മുംബൈ : നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) സംവിധായകൻ സൊഹെയ്ൽ കോലിയെ ചോദ്യം ചെയ്തു. ദക്ഷിണാഫ്രിക്കൻ പൗരനും ബോളിവുഡ് താരം അർജുൻ രാംപാലിന്റെ കൂട്ടുകാരി ഗബ്രിയേലയുടെ സഹോദരനുമായ അജീസിയാലോസ് ഡിമെട്രിയാഡ്‌സിനെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണിത്. വൻതോതിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും ഇടപാടു നടത്തുകയും ചെയ്യുന്നയാളാണെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സൊഹെയ്‌ലിനെ ചോദ്യം ചെയ്തത് എന്ന് എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പത്തുമണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ച സൊഹെയ്‌ലിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച അറസ്റ്റിലായ അജീസിയാലോസിനെ എൻ.സി.ബി. ചോദ്യം ചെയ്തുവരുകയാണ്. ബോളിവുഡിലെ പ്രമുഖരുടെ പേര് അജീസിയാലോസ് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൊഹെയ്‌ലിനെ ചോദ്യം ചെയ്തത് എന്നു കരുതുന്നു. മഹാരാഷ്ട്രയിലെ ലോണാവലയിലെ കൂട്ടുകാരിക്കൊപ്പം കഴിയുന്നതിനിടെയാണ് മുപ്പതുകാരനായ അജീസിയാലോസ് പിടിയിയാലയത്. സുശാന്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഇടപാടിൽ അറസ്റ്റിലാവുന്ന ഇരുപത്തിമൂന്നാമത്തെയാളാണ് അജീസിയാലോസ്. ഈ കേസിൽ അറസ്റ്റിലാവുന്ന ആദ്യത്തെ വിദേശിയുമാണ്. മയക്കുമരുന്നു കേസിൽ നേരത്തേ അറസ്റ്റിലായ നടി റിയ ചക്രവർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സുശാന്തിന്റെ കൂട്ടുകാരിയായിരുന്ന റിയയുടെ സഹോദരൻ ഇപ്പോഴും റിമാൻഡിലാണ്.