മുംബൈ : മുൻസർക്കാരിന്റെ കാലത്തെ റിഫൈനറി പദ്ധതി ഉപേക്ഷിച്ച് ഫാർമസ്യൂട്ടിക്കൽ പദ്ധതിയുമായി ഉദ്ധവ് താക്കറെ സർക്കാർ. ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാരിന്റെ കാലത്ത് റിഫൈനറി പദ്ധതിക്കായി റായ്ഗഢിൽ കണ്ടെത്തിയ സ്ഥലമാണ് ഫാർമസ്യൂട്ടിക്കൽ സിറ്റിക്കായി സർക്കാർ മാറ്റിയത്.

സൗദി അറേബ്യയിലെ ആരാംകോയുമായി സഹകരിച്ച് കൊങ്കൺ തീരപ്രദേശമായ രത്നഗിരിയിലെ നാണാറിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന റിഫൈനറി പദ്ധതിക്കെതിരേ പരിസ്ഥിതി പ്രശ്നം മുൻനിർത്തി ശിവസേനയുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് സർക്കാരിൽ പങ്കാളികളായിരുന്ന ശിവസേനയെ അനുനയിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു റായ്ഗഢിൽ ബദൽ സ്ഥലം കണ്ടെത്തിയത്.

മൂന്നുലക്ഷം കോടിയുടെ റിഫൈനറി പദ്ധതി ഇവിടേക്ക് വരുന്നെന്നായിരുന്നു റിപ്പോർട്ടുകൾ. 19146 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാർ കണ്ടെത്തിയത്.

റിഫൈനറി പദ്ധതിക്ക് സർക്കാർ പ്രാധാന്യം നൽകുന്നില്ലെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വ്യവസായമായ ഫാർമസ്യൂട്ടിക്കൽ പാർക്ക് ഇവിടെ നിർമിക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു.

30,000 കോടിയുടെ നിക്ഷേപം ഇവിടെ പ്രതീക്ഷിക്കുന്നതായും ഫാർമസ്യൂട്ടിക്കൽ പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2500 കോടി രൂപ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.