മുംബൈ : ഡ്രൈവർക്ക്‌ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ചു. യാത്രക്കാരെല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഘാട്‌കോപ്പർ ബസ് ഡിപ്പോയിൽ നിന്ന് ചെംബൂരിലെ ടാറ്റാ പവർ ഹൗസിലേക്കു പോവുകയായിരുന്ന ബെസ്റ്റ് ബസ്സാണ് ചൊവ്വാഴ്ച രാവിലെ 10.50- ഓടെ അപകടത്തിൽപ്പെട്ടത്.

ചെംബൂരിലെ വസന്ത് പാർക്ക് സിഗ്നലിന് അടുത്തെത്തിയപ്പോഴാണ് ഡ്രൈവർ ഹരിദാസ് പാട്ടീലിന് ഹൃദയാഘാതമുണ്ടായത്. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നിലെ തട്ടുകട തകർത്ത ശേഷം ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. അപകടം നടക്കുമ്പോൾ ഒമ്പതു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നും ആർക്കും പരിക്കേറ്റില്ലെന്നും ബെസ്റ്റ് അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ ബാലാസാഹേബ് സൊഡാഗേ അറിയിച്ചു.

ബസിലുണ്ടായിരുന്ന ഒരു പോലീസുകാരനും മറ്റു യാത്രക്കാരും ചേർന്ന് പാട്ടീലിനെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചു.

അദ്ദേഹം ബോധം വീണ്ടെടുത്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.