മുംബൈ : സംസ്ഥാനത്ത് ചൊവ്വാഴ്ച 8151 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 16,09,516 ആയി. 213 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 42,453 ലേക്കുയർന്നു. ചൊവ്വാഴ്ച 7429 പേരാണ് ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരുടെ എണ്ണം 13,92,308 ആയി. നിലവിൽ ചികിത്സയിലുള്ളത് 1,74,265 പേരാണ്. ധാരാവിയിൽ ചൊവ്വാഴ്ച എട്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗികളുടെ എണ്ണം 3439 ആയി. നിലവിൽ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം 139-ലേക്ക് താഴ്ന്നിട്ടുണ്ട്. 2993 പേരാണ് ധാരാവിയിൽ രോഗമുക്തി നേടിയത്.

തൊട്ടടുത്ത ദാദറിൽ 13 പേർക്കും മാഹിമിൽ 17 പേർക്കുമാണ് പുതുതായി രോഗം പിടിപെട്ടത്. താനെയിൽ കോവിഡ് പിടിപെട്ടവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മരണ സംഖ്യ ഇവിടെ 5100 ആണ്. രോഗമുക്തി നിരക്ക് 90 ശതമാനമാണെന്നതും ആശ്വാസകരമാണ്. ജില്ലയിൽ കല്യാണിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 48,106 പേർക്കാണ് ഇവിടെ രോഗം പിടിപെട്ടത്. തൊട്ടടുത്ത സ്ഥാനം നവി മുംബൈക്കാണ്. 42,417 പേരാണ് ഇവിടെ രോഗികളായത്. ജില്ലയിൽ നിലവിൽ 13,404 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് ജില്ലാ അധികാരികൾ ചൂണ്ടിക്കാട്ടി. രോഗമുക്തി നിരക്കിൽ ബദ്‌ലാപുർ ആണ് മുന്നിൽ 94.91 ശതമാനം പേരാണ് ഇവിടെ രോഗത്തിന്റെ പിടിയിൽനിന്ന്‌ രക്ഷപ്പെട്ടത്. കല്യാൺ (90.73), നവി മുംബൈ (91.46), ഉല്ലാസ് നഗർ (90.97), അംബർനാഥ് (92.29) ഭീവണ്ടി (88.70) താനെ ഗ്രാമപ്രദേശം (83.95) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ രോഗമുക്തി നിരക്ക്. പുണെയിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൺടെയ്ൻമെന്റ് സോണുകളുടെ എണ്ണവും കുറഞ്ഞു തുടങ്ങി.

നഗരത്തിൽ ഇപ്പോൾ 33 കൺടെയ്‌ൻമെന്റ് സോണുകളേ ഉള്ളൂ. പുണെ കോർപ്പറേഷന്റെ പരിധിയിൽ നിലവിൽ 59 സോണുകളാണുള്ളത്.