മുംബൈ : സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ. ആത്മാഭിമാനമുണ്ടെങ്കിൽ ഗവർണർ രാജിവെക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആത്മാഭിമാനമുള്ള ആർക്കും ഈ സ്ഥാനത്ത് തുടരാനാവില്ല. ഗവർണർ ഭഗത് സിങ്‌ കോഷിയാരി പ്രസ്താവനകളിൽ സൂക്ഷ്മത പുലർത്തണമെന്നും അനുചിതമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഗവർണറുടെ കത്തിലെ ഭാഷാ പ്രയോഗങ്ങളിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്ക് ആത്മാഭിമാനമുള്ള ആരും തസ്തികയിൽ തുടരണോ വേണ്ടയോ എന്ന് ചിന്തിക്കുമെന്നും ശരദ് പവാർ പറഞ്ഞു. ഗവർണർ ഭഗത് സിങ്‌ കോഷിയാരി ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ആശങ്ക ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രാധാന്യമുണ്ടെന്നും ശരദ് പവാർ പറഞ്ഞു. ഒസ്മനാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഷിയാരിക്ക്‌ വാക്കുകൾ നന്നായി തിരഞ്ഞെടുക്കാമായിരുന്നുവെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു. നേരത്തേയും പവാർ ഗവർണറെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതിന് പുറമെയാണ് ശരദ് പവാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് നീട്ടിവെക്കുന്നത് തുടരാൻ നിങ്ങൾക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ എന്ന് ഗവർണർ ഭഗത് സിങ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിൽ ചോദിച്ചിരുന്നു. എന്നാൽ ഗവർണറുടെ കത്തിന് ഉദ്ധവ് താക്കറെ ശക്തമായ തിരിച്ചടി നൽകി. ഹിന്ദുത്വത്തെക്കുറിച്ച് മതപ്രഭാഷണം നടത്തേണ്ട ആവശ്യമില്ലെന്ന് ഗവർണർക്ക് താക്കറെ മറുപടി നൽകിയിരുന്നു.