മുംബൈ : രണ്ടുദിവസത്തെ ചർച്ചകൾക്കൊടുവിൽ വനിതകൾക്ക് ലോക്കൽ ട്രെയിനിൽ യാത്രചെയ്യാനുള്ള അനുമതിയായി. ബുധനാഴ്ച മുതൽ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള വനിതകൾക്ക് സബർബൻ ട്രെയിനിൽ യാത്രചെയ്യാമെന്ന് റെയിൽവേ അറിയിച്ചു.

കാലത്ത് 11 മുതൽ വൈകീട്ട് മൂന്നുവരെയും വൈകീട്ട് ഏഴുമുതൽ ലോക്കൽ സർവീസുകൾ ഓടുന്ന വരെയുമായിരിക്കും വനിതകൾക്ക് ലോക്കൽ ട്രെയിനിൽ കയറാനുള്ള അനുമതി. ലോക്കൽ ട്രെയിനിൽ യാത്രചെയ്യാൻ എല്ലാവരെയും അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെ ദിവസമായി ശക്തമായി വരികയാണ്. ഇതിന്റെ തുടക്കം എന്ന നിലയ്ക്കാണ് എല്ലാ വനിതകൾക്കും യാത്രചെയ്യാനുള്ള അനുമതി.

തിരക്ക് കുറഞ്ഞ സമയമാണ് ഇവർക്ക് അനുവദിച്ചതെങ്കിലും നൂറു കണക്കിന് വനിതകൾക്ക് ഇത് ആശ്വാസമാകും. മണിക്കൂറുകളോളം സഞ്ചരിച്ച് ഏറെ ബുദ്ധിമുട്ടിയാണ് ഇപ്പോൾ പലരും യാത്രചെയ്യുന്നത്. ഒക്ടോബർ 17 മുതൽ വനിതകൾക്ക് യാത്രചെയ്യാം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ റെയിൽവേ ഇത് സമ്മതിച്ചില്ല. തിരക്കൊഴിവാക്കാനുള്ള നടപടിക്രമങ്ങൾ തീരുമാനിച്ച ശേഷം മതി അനുമതി നൽകൽ എന്നായിരുന്നു റെയിൽവേയുട മറുപടി. ഇതേ തുടർന്നാണ് സർക്കാർ യാത്രാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതും റെയിൽവേ അനുമതി നൽകിയതും.

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ലോക്കൽ ട്രെയിനിൽ സഞ്ചരിക്കാൻ അഭിഭാഷകർക്കും അനുമതി ലഭിച്ചു. കോടതി കാര്യങ്ങളിൽ സംബന്ധിക്കാൻ മാത്രമായിരിക്കും യാത്രാനുമതി. ഇതിനായി അഭിഭാഷകർ ബോംബെ ഹൈക്കോടതിയിൽ നേരത്തേ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല.

തിങ്കളാഴ്ചയും കോടതി ഇക്കാര്യം ആരാഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണി തീരുമാനം കോടതിയെ അറിയിച്ചത്.

ദിവസ വേതനക്കാർക്കും വഴിവാണിഭക്കാർക്കും റെസ്റ്റോറന്റ്, സിനിമാ ഹാൾ തുടങ്ങിയ ഇടങ്ങളിൽ ജോലിചെയ്യുന്നവർക്കു കൂടി ലോക്കൽ ട്രെയിൻ സൗകര്യം അനുവദിച്ചുകൂടേ എന്നും കോടതി ആരാഞ്ഞു. സർക്കാർ മിക്ക സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയ അവസ്ഥയിൽ അവിടെ ജോലിചെയ്യുന്നവരെ കൂടി പരിഗണിക്കേണ്ടേ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഒക്ടോബർ 29-ന് മറുപടി നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചു.