മുംബൈ : പാളം മുറിച്ചുകടക്കുമ്പോൾ അപകടത്തിൽപ്പെട്ട വയോധികനെ തീവണ്ടി നിർത്തി ലോക്കോ പൈലറ്റുമാർ രക്ഷിച്ചു. ഇന്ത്യൻ റെയിൽവേ തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

മുംബൈയ്ക്കടുത്ത് കല്യാൺ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിൽനിന്നിറങ്ങി പാളം മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ താഴെവീണത് മുംബൈ വാരാണസി വണ്ടി കല്യാൺ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടനേരത്തായിരുന്നു. മുന്നിൽ ഒരാൾ പാളത്തിൽ കിടക്കുന്നതുകണ്ട ലോക്കോ പൈലറ്റുമാർ ഉടൻ ബ്രേക്ക്‌ പ്രയോഗിച്ചു. വയോധികനെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ വണ്ടി നിന്നു. പാളത്തിൽ വീണയാൾക്കു തൊട്ടുമുന്നിലെത്തിയെങ്കിലും ദേഹത്തു കയറിയില്ല.

തീവണ്ടിക്കടിയിൽനിന്ന് ലോക്കോ പൈലറ്റുമാർതന്നെ വയോധികനെ പുറത്തെത്തിക്കുകയും ചെയ്തു. ഒരു പോറലുമേൽക്കാതെ നടന്നുപോകുന്നയാളുടെ വീഡിയോ ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടു. അനധികൃതമായി പാളം മുറിച്ചുകടക്കരുതെന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആയിരക്കണക്കിനാളുകളാണ് കണ്ടത്.