നവിമുംബൈ : കനത്തമഴയിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന അരുവികൾ മുറിച്ചുകടക്കാനാകാതെ ഖാർഘർ മലനിരകളിൽ കുടുങ്ങിയ 78 സ്ത്രീകളും അഞ്ചുകുട്ടികളും ഉൾപ്പെടെ 116 വിനോദ സഞ്ചാരികളെ പോലീസും അഗ്നിശമന സേനയുംചേർന്ന് രക്ഷപ്പെടുത്തി.

മഴക്കാലത്ത് അപകടം പതിവായതിനാൽ പാണ്ഡവകട വെള്ളച്ചാട്ടത്തിലേക്കും മലനിരകളിലേക്കും സഞ്ചാരികൾ പോകുന്നത് പോലീസ് നിരോധിച്ചിരുന്നു. ഇവിടെ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

നീണ്ടമലനിരയായതിനാൽ കാവൽ ഇല്ലാത്ത ഭാഗത്തു കൂടി കയറിയവരാണ് തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങിയത്. രാവിലെ ഇവർ മലകയറുന്ന സമയത്ത് കാര്യമായ മഴ ഉണ്ടായിരുന്നില്ല വൈകുന്നേരത്തോടെ മഴ കനക്കുകയും വെള്ളച്ചാട്ടം ശക്തിപ്പെടുകയും അരുവികൾ നിറഞ്ഞുകവിയുകയും ചെയ്തു. ഇതോടെ തിരിച്ചിറങ്ങാൻ കഴിയാതെ സഞ്ചാരികൾ മലയിൽകുടുങ്ങി. പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമനസേന എത്തി ഏണിയും പ്ലാസ്റ്റിക്‌കയറുകളും ഉപയോഗിച്ച് രണ്ടു മണിക്കൂർ നേരത്തെ ശ്രമത്തിനുശേഷം ഇവരെ രക്ഷപ്പെടുത്തി. നവി മുംബൈയുടേയും മുംബൈയുടേയും വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് മലനിരകളിൽ കുടുങ്ങിയത്.

നിരോധനംലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പേടിച്ചുപോയതിനാൽ ഇവർക്കെതിരേ നടപടികളൊന്നുമെടുത്തില്ലെന്ന് ഖാർഘർ പോലീസ് സീനിയർ ഇൻസ്പെക്ടർ ശത്രുഘ്‌നൻ മാലി പറഞ്ഞു.

മുംബൈയിലെ മഴക്കാല വിനോദസഞ്ചാര കേന്ദ്രമാണ് നവി മുംബൈയിലെ ഖാർഘർ മലനിരയിലുള്ള പാണ്ഡവകട വെള്ളച്ചാട്ടം. കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴക്കാലത്ത് ഇവിടെ തുടരെത്തുടരെ അപകടമരണങ്ങൾ ഉണ്ടായതോടെയാണ് ഇവിടെത്തേക്കുള്ള യാത്രയ്ക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്.