മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് കുടിലുകൾ തകർന്ന്‌ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. കൽവയിലെ ഗോലായ്‌ നഗറിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

റായ്‌ഗഢിൽ മൂന്നുപേർ മുങ്ങിമരിച്ചു. നീന്താനിറങ്ങിയ രണ്ടുപേരും മീൻപിടിക്കാൻ പോയ ഒരാളുമാണ് മരിച്ചത്. ദീപ്‌സിങ്‌ ഠാക്കൂർ (24). പ്രദീപ്‌ജോഷി (28) സുരേഷ്‌കോലി (42)എന്നിവരാണ്‌ മരിച്ചവർ.

മുംബൈയിൽ കനത്ത മഴ തിങ്കളാഴ്ചയും തുടർന്നതോടെ ജനങ്ങൾ ദുരിതത്തിലായി. താഴ്‌ന്നപ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. റോഡുകളും തീവണ്ടിപ്പാളങ്ങളും മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു.

താനെ, പാൽഘർ എന്നിവിടങ്ങളിലും കനത്ത മഴയാണ്. ദിഘി-മാൻഗാവ്‌ റോഡിൽ മണ്ണടിച്ചിനെത്തുടർന്ന്‌ ഗതാഗതം തടസ്സപ്പെട്ടു.

മുംബൈയിൽ വെള്ളിയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സയൺ, വഡാല, സാന്താക്രൂസ്‌, ദാദർ, ഹിന്ദുമാത, ഗാന്ധി മാർക്കറ്റ്‌ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. മിത്തി നദിയിൽ ജലനിരപ്പ്‌ ഉയർന്നതിനെത്തുടർന്ന്‌ സമീപമേഖലകളിൽനിന്നെല്ലാം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി.

പാൽഘറിലും കല്യാൺ-ഡോംബിവ്‌ലിയിലും താനെയിലും താഴ്‌ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നല്ലസൊപ്പാറയിൽ ചേരികളിൽ വെള്ളം കയറി. ദഹാനു, തലാസരി, ബൊയ്‌സർ മേഖലയിലും പെരുമഴയിൽ കനത്ത നാശനഷ്ടം ഉണ്ടായി. ദഹാനു- ഘോൽവാഡ റോഡ്‌ തകർന്നു. പലിയിടങ്ങളിലും മരങ്ങൾ കടപുഴുകിയതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

പാൽഘറിൽ വെള്ളപ്പൊക്കത്തെത്തുടർന്ന്‌ വീടുകളുടെ മുകളിൽ അഭയം തേടിയ 70 പേരെ സമീപവാസികൾ രക്ഷപ്പെടുത്തി.

ഞായറാഴ്ച കനത്ത മഴയിൽ ചെമ്പൂരിലും വിക്രോളിയിലും മണ്ണിടിഞ്ഞും കുടിലുകൾ തകർന്നും 30 പേർ മരിച്ചിരുന്നു.