മുംബൈ: കനത്തമഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഒട്ടേറെ തീവണ്ടികൾ വഴിതിരിച്ചുവിട്ടു. ചിലത് റദ്ദാക്കി. മറ്റുചില വണ്ടികളിലെ യാത്രക്കാരെ ബസുകളിൽ അടുത്ത സ്റ്റേഷനിൽ എത്തിച്ചു. അവിടെനിന്ന് മറ്റൊരു തീവണ്ടിയിൽ യാത്രയാക്കി.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ഗോവയ്ക്കു സമീപം കർമാലി-തിവിം സ്റ്റേഷനുകൾക്കിടയിലുള്ള ഓൾഡ് ഗോവ തുരങ്കത്തിനകത്ത് രൂപപ്പെട്ട വിടവിലൂടെയാണ് മണ്ണും ചെളിയും പാളത്തിലേക്ക് വീണത്. ഗോവ, കാർവാർ പ്രദേശത്ത് കനത്തമഴ തുടരുന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ 12 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.

മണ്ണിടിച്ചിലിനെത്തുടർന്ന് മംഗള എക്സ്‌പ്രസ് അടക്കം പല വണ്ടികളും വഴിതിരിച്ചുവിട്ടു. മുംബൈയ്ക്കും മഡ്ഗാവിനും ഇടയിലെ മാണ്ഡവി (01113), കൊങ്കൺ കന്യ (01112) എക്സ്‌പ്രസുകൾ റദ്ദാക്കി. ഞായറാഴ്ച മുംബൈയിൽനിന്ന് പുറപ്പെട്ട നേത്രാവതി എക്സ്‌പ്രസിലെയും (06345) പുണെ-എറണാകുളം (01150) പ്രതിവാര വണ്ടിയിലെയും യാത്രക്കാരെ തിവിം സ്റ്റേഷനിൽ ഇറക്കി ബസ് മാർഗം മഡ്ഗാവിൽ എത്തിച്ചാണ് പ്രത്യേക വണ്ടിയിൽ കയറ്റിവിട്ടത്. മുംബൈ സി.എസ്.ടി.യിൽനിന്നും എൽ.ടി.ടി.യിൽനിന്നും മംഗളൂരുവിലേക്ക് തിരിച്ച വണ്ടികളിലെ യാത്രക്കാർക്കും ഇതേ രീതിയിൽ സൗകര്യമൊരുക്കി. ഞായറാഴ്ച പുറപ്പെട്ട നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസിലെ (02432) യാത്രക്കാരെ പെർണം സ്റ്റേഷനിൽ ഇറക്കി മഡ്ഗാവിൽ എത്തിച്ചാണ് തുടർയാത്ര ഒരുക്കിയത്. മഡ്ഗാവിൽനിന്ന് നിസാമുദ്ദീനിലേക്കുള്ള രാജധാനിയിലെ (02413) യാത്രക്കാർ പെർണത്ത് എത്തിയും യാത്ര തുടർന്നു.

കഴിഞ്ഞദിവസം തോക്കൂർ കുലശേഖര തുരങ്കത്തിനടുത്ത് മണ്ണിടിഞ്ഞ് രണ്ടുദിവസം കൊങ്കൺപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

വഴിതിരിച്ചുവിട്ട വണ്ടികൾ

തിങ്കളാഴ്ച മുംബൈയിൽനിന്ന് പുറപ്പെട്ട നേത്രാവതി എക്സ്‌പ്രസ് പനവേൽ, കർജത്, പുണെ, മീറജ്, ഹുബള്ളി, കൃഷ്ണരാജപുരം, ഈറോഡ്, ഷൊർണൂർ വഴിയാണ് ഓടുന്നത്. ഞായറാഴ്ച പുറപ്പെട്ട നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്‌പ്രസ് (02618), അമൃത്‌സർ-കൊച്ചുവേളി എക്സ്‌പ്രസ് (04696) എന്നിവയും ഇതേ വഴിയാണ് ഓടുക.

എറണാകുളം-എൽ.ടി.ടി. തുരന്തോ എക്സ്‌പ്രസ് (01224) മഡ്ഗാവിൽനിന്ന് ലോണ്ട, മീറജ്, പുണെ, കർജത്, പനവേൽ വഴിയാണ് ഓടുന്നത്. കൊച്ചുവേളി-പോർബന്തർ (09261), എറണാകുളം-അജ്മേർ (02977) എക്സ്‌പ്രസുകളും ഇതേ വഴി ഓടും. *കൊച്ചുവേളി-ചണ്ഡീഗഢ് (04559), തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി(06346) എക്സ്‌പ്രസുകൾ ഷൊർണൂർ, പാലക്കാട്, ഈറോഡ്, കൃഷ്ണരാജപുരം, ഹുബ്ബള്ളി, മീറജ്, പുണെ, കർജത്, പനവേൽ വഴിയാണ് ഓടുക.

കോയമ്പത്തൂർ-ജബൽപുർ (02197) എക്സ്‌പ്രസ് ഈറോഡ്, സേലം, ജോലാർപെട്ട്, റെനിഗുണ്ട, വിജയവാഡ, ബല്ലാർഷ, ഇറ്റാർസി വഴി ഓടും.