മുംബൈ: മഹാരാഷ്ട്രയിൽ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന 17 മണ്ഡലങ്ങളിൽ പോളിങ് 52.07 ശതമാനം. 2014-ൽ ഇത് 55.83 ശതമാനമായിരുന്നു. മുംബൈയിലെ പോളിങ് ശതമാനം 51.11 ആണ്. കഴിഞ്ഞ തവണ ഇത് 51.59 ആയിരുന്നു.

തിങ്കളാഴ്ചത്തെ വോട്ടെടുപ്പോടെ മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലേയും വിധി എഴുതിക്കഴിഞ്ഞു.

നഗരത്തിലെ ആറും പുറത്തുള്ള 11 മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ബോളിവുഡ് താരങ്ങളും നഗരത്തിലെ വ്യവസായ പ്രമുഖരും എല്ലാം കാലത്തുതന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. എന്നാൽ നഗരത്തിലെ പോളിങ് ശതമാനത്തിൽ നേരിയ കുറവാണുണ്ടായത്.

അനിഷ്ട സംഭവങ്ങളൊന്നും വോട്ടെടുപ്പിനിടയിൽ നടന്നില്ല. ചിലരുടെ പേരുകൾ വോട്ടർപട്ടികയിൽ ഇല്ലാതെ പോയത് വാക്കുതർക്കങ്ങൾക്കിടയാക്കി. കനത്ത ചൂട് വകവെക്കാതെയാണ് പലരും വോട്ടു ചെയ്യാൻ മണിക്കൂറുകളോളം കാത്തുനിന്നത്. മുംബൈയിലും കാലത്ത് നല്ല തിരക്കായിരുന്നു.

തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ഏറ്റവുംകൂടുതൽ പോളിങ് നടന്നത് ആദിവാസി മേഖലയായ നന്ദൂർബാർ മണ്ഡലത്തിലാണ്. ഇവിടെ 64.44 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കുറവ് കല്യാണിലും(41.64).

ധുലെ (50.97), ദിണ്ടോരി (58.20), നാസിക് (53-09), പാൽഘർ (57.60), ഭീവണ്ടി (48.90), താനെ (46.42), മുംബൈ നോർത്ത് (54.72), മുംബൈ നോർത്ത് വെസ്റ്റ് (50.44), മുംബൈ നോർത്ത് ഈസ്റ്റ് (52.30), മുംബൈ നോർത്ത് സെൻട്രൽ (49.49), മുംബൈ സൗത്ത് സെൻട്രൽ (51.53), മുംബൈ സൗത്ത് (48.23), മാവൽ (52.74), ഷിരൂർ (52.45), ഷിർദി (56.19) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

323 സ്ഥാനാർഥികളിൽനിന്ന് 17 പേരെ തിരഞ്ഞെടുക്കാൻ 3.11 കോടി വോട്ടർമാർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ പകുതിയോളം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായതും ഏറെ പ്രശ്നമുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി പ്രവർത്തകർ 30 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരിക്കുന്നത്. ഏറ്റവുംകൂടുതൽ പരാതി നന്ദൂർബാർ, ധുലെ മണ്ഡലങ്ങളിലാണ്.

ചില പോളിങ് ബൂത്തുകൾ ബലൂണുകളും രംഗോലികളുമായി അലങ്കരിച്ചിരുന്നു.

Content Highlights:2019 Loksabha Elections Mumbai polling