മുംബൈ: അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലെ 3.11 കോടി വോട്ടർമാർ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. 323 സ്ഥാനാർഥികൾ ജനവിധി തേടുന്നു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. 33314 പോളിങ്‌ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

മുംബൈയിലെ ആറ് മണ്ഡലങ്ങൾ കൂടാതെ നന്ദൂർബർ, ദുലെ, ദിൻഡോരി, നാസിക്, പാൽഘർ, ഭീവൺഡി, കല്യാൺ, താനെ, മാവൽ, ഷിരൂർ എന്നിവടങ്ങളിലാണ് വോട്ടെടുപ്പ്. മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മുംബൈയിലെ മണ്ഡലങ്ങൾ.

മലയാളികളായ വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ പരമാവധി പേരെ പോളിങ് ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. നവിമുംബൈ, മീരാ-ഭയന്തർ, കല്യാൺ, താനെ, വസായ് വിരാർ പ്രദേശങ്ങളിലായി നല്ലൊരു ശതമാനം മലയാളി വോട്ടർമാരുണ്ട്.

വോട്ടെടുപ്പ് കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സിറ്റി പോലീസിനെ കൂടാതെ അർധ സൈനിക വിഭാഗത്തിന്റെ 14 കമ്പിനികളെയും സംസ്ഥാന റിസർവ് പോലീസിന്റെ 12 കമ്പനികളെയും 6000 ഹോം ഗാർഡുകളേയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മൊത്തം 40,400 സുരക്ഷാ ഭടൻമാരാണ് ക്രമസമാധാന പരിപാലനത്തിനായിട്ടുള്ളത്. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫോഴ്‌സ് വൺ, ദ്രുതകർമ സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവയോടും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുഭാഷ് ബാമ്രെ (ദുലെ), ബോളിവുഡ് താരം ഊർമിള മതോണ്ട്കർ (മുംബൈ നോർത്ത്), പ്രിയാ ദത്ത് ( മുംബൈ നോർത്ത് സെൻട്രൽ) മിലിന്ദ് ദേവ്‌റ( മുംബൈ സൗത്ത്),പാർഥ് പവാർ (മാവൽ) എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.

മഹാരാഷ്ട്രയിൽ മൊത്തം 48 മണ്ഡലങ്ങളാണുള്ളത്. 37 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി.

Content Highlights: 2019 Loksabha Elections Fourth Phase Voting