മുംബൈ : ഹിജാബ് ധരിച്ചെത്തിയ വനിതയ്ക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു.

വർളിയിലെ ടാപ്പ് റെസ്‌റ്റോ ബാറിന്റെ നടത്തിപ്പുകാരാണ് ഖേദം പ്രകടിപ്പിച്ചത്. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം ഹിജാബ് ധരിച്ചെത്തിയ വനിതയെ റെസ്റ്റോറന്റിൽ തടഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹിജാബ് മാറ്റിയതിനുശേഷമാണ് അവർക്ക് പ്രവേശനം ലഭിച്ചത്.

ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഹിജാബ് മാത്രമല്ല സാരി ഉടുത്തുവരുന്നവരേയും മറ്റുള്ള ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരേയും ഇവിടെ കയറ്റുകയില്ലെന്ന് ജീവനക്കാരിൽ ഒരാൾ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

വർളിയിലെ അട്രിയ മാളിലാണ് ടാപ്പ് റെസ്റ്റോബാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങളേയൊ ഇസ്‌ലാമിക വേഷവിധാനങ്ങളെയോ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഈ സംഭവം പലർക്കും മനോവിഷമം ഉണ്ടാക്കിയ സഹചര്യത്തിൽ അവരോട് എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.