പുണെ : മഹാരാഷ്ട്രഭരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ. പിംപ്രി-ചിഞ്ച്‌വാഡിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഏത് വിധേനയും സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പി. യുടെയും ശ്രമങ്ങൾ വിജയിക്കില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മഹാ വികാസ് അഘാഡി നേതാക്കളെ ഭയപ്പെടുത്താൻ കേന്ദ്ര സർക്കാർ എന്തു ചെയ്താലും സംസ്ഥാന സർക്കാർ കാലാവധി പൂർത്തിയാക്കും’ - പവാർ പറഞ്ഞു.

അടുത്ത തവണയും മഹാവികാസ് അഘാഡി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സഹകരിക്കുന്നില്ലെന്നും പവാർ പറഞ്ഞു. കേന്ദ്രം നിരന്തരം നേതാക്കളെ ലക്ഷ്യമിടുകയാണ്. അനിൽ ദേശ്മുഖ്, അനിൽ പരബ്, ഭാവന ഗവാലി, അശോക് ചവാൻ തുടങ്ങിയ നേതാക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിട്ടിരുന്നു. എന്നാൽ അതിൽനിന്ന് ഒന്നും പുറത്തുവന്നിട്ടില്ല. ഇപ്പോൾ അവർ അജിത് പവാറിനെയാണ് ലക്ഷ്യമിടുന്നത് - പവാർ പറഞ്ഞു.