മുംബൈ : അറബിക്കടലിൽ ഛത്രപതി ശിവാജി സ്മാരക നിർമാണം പൂർത്തിയാക്കുന്നതിന് കരാറുകാരന് ഒരുവർഷംകൂടി നീട്ടിനൽകി. സ്മാരകം നിർമിക്കുന്നതിന് അനുവദിച്ച മൂന്നുവർഷ കാലാവധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പിന്റെ നടപടി.

മഹാരാഷ്ട്രയിലെ മുൻ ബി.ജെ.പി. സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന ശിവാജി പ്രതിമാ നിർമാണത്തിന്റെ കരാർ ലാർസൺ ആൻഡ് ട്യൂബ്രോയ്ക്കാണ് നൽകിയിരിക്കുന്നത്. 2,800 കോടി രൂപ ചെലവിൽ 2021 ഒക്ടോബർ 18-ന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. പദ്ധതി പ്രദേശത്ത് കാര്യമായ നിർമാണ പ്രവർത്തനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ തീയതി നീട്ടിക്കൊടുത്തത്. സമയം നീട്ടിയെങ്കിലും നിർമാണച്ചെലവിൽ വർധനയൊന്നും വരുത്തിയില്ലെന്നും കരാറുകാരന് ഇതുവരെ പണമൊന്നും നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.

മുംബൈ തീരത്ത് അറബിക്കടലിൽ നിർമിക്കുന്ന ഛത്രപതി ശിവാജി സ്മാരകത്തിന് 212 മീറ്റർ ഉയരമാണുണ്ടാവുക. 88.8 മീറ്റർ ഉയരമുള്ള തറയ്ക്കു മുകളിലാണ് 123.2 മീറ്റർ ഉയരമുള്ള പ്രതിമ നിർമിക്കുക. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ജലപൂജ നിർവഹിച്ചത്. കടലിൽ മണ്ണിട്ടു നികത്തി ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അത് തീരരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. പദ്ധതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീംകോടതി 2019 ജനുവരിയിൽ നിർമാണം നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു.

സ്മാരകനിർമാണം 2019 മുതൽ പൂർണമായി നിലച്ചിരിക്കുകയാണെന്നും കടലിലെ നിർമാണപ്രവർത്തനം കാര്യമായി തുടങ്ങിയിട്ടേ ഇല്ലെന്നും പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് സ്മാരക നിർമാണത്തിന്റെ കാലപരിധി 2021 ഒക്ടോബർ 19 മുതൽ 2022 ഒക്ടോബർ 18 വരെ ദീർഘിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.