നവി മുംബൈ : എം.ഐ.ഡി.സി. അധികൃതർക്ക് പരാതി നൽകിയിട്ടും ഘൻസോളി മാപ്പെ നാക്കയിലെ പി രണ്ട് പ്ലോട്ടിൽനിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരേ പരാതിയുമായി പരിസ്ഥിതി പ്രവർത്തകർ. കഴിഞ്ഞ വ്യാഴാഴ്ച മുതൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ മേഖലയിൽനിന്ന് മരങ്ങൾ വേരോടെ പിഴുതുമാറ്റുകയാണ്. അമ്പതും അതിൽക്കൂടുതലും വർഷങ്ങളുടെ പഴക്കമുള്ള മരങ്ങളാണ് പിഴുതുമാറ്റുന്നത്.

പരാതിയെത്തുടർന്ന് മരങ്ങൾ നശിപ്പിക്കില്ലെന്ന് എം.ഐ.ഡി.സി. അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നുവെങ്കിലും മരംമുറി തുടരുന്ന സാഹചര്യത്തിലാണ് പരിസ്ഥിതി പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേണ്ടി നീക്കിവെച്ച സ്ഥലത്തു നിന്നാണ് മരംമുറിച്ചു മാറ്റുന്നതെന്നാണ് എം.ഐ.ഡി.സി. അധികൃതർ പറയുന്നത്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സ്ഥലം വിട്ടു നൽകുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ മരം മുറിച്ചു മാറ്റുന്നത് നിയമ വിരുദ്ധമാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. പദ്ധതിക്കായി രേഖാമൂലം അനുവദിച്ചുകൊടുക്കാത്ത ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ഭൂവുടമകൾക്കെതിരേയും, ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നവർക്കെതിരേയും ക്രിമിനൽ കേസ് നൽകുമെന്ന് വിവരാവകാശ പ്രവർത്തകനായ അനർജിത് ചൗഹാൻ പറഞ്ഞു. ബുള്ളറ്റ് ട്രയിൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ടെൻഡർ നടപടികൾ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് വ്യാപകമായി മരങ്ങൾ നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായി നൽകിയതിനാലാണ് മരങ്ങൾ മുറിക്കുന്നതെന്നാണ് എം.ഐ.ഡി.സി. മേഖലാ തലവനായ സതീഷ് ബഗൽ പറയുന്നത്.