മുംബൈ : എൻ.സി.പി. അധ്യക്ഷൻ ശരദ്പവാറിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ മന്ത്രിമാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി ചർച്ചനടത്തി. സഹ്യാദ്രി ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. ശിവസേനയുടെ നേതാക്കൾക്കും മന്ത്രിമാർക്കുമെതിരേ മാത്രമല്ല ഉപമുഖ്യമന്ത്രി അജിത്പവാർ ഉൾപ്പെടെയുള്ള എൻ.സി.പി. നേതാക്കൾക്കും മന്ത്രിമാർക്കുമെതിരേ കൂടി കേന്ദ്ര അന്വേഷണ എജൻസികളുടെ റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഒരു പ്രത്യേക യോഗം സംഘടിപ്പിച്ചത്.

സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് പവാർ യോഗത്തിൽ പറഞ്ഞു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യത്തെക്കുറിച്ച് യോഗം ചർച്ചചെയ്തു.

ചരക്ക് വാഹന ഉടമകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. ഹെവി വാഹനങ്ങൾക്ക് ട്രാഫിക് നികുതി കുറയ്ക്കുക, കൂടുതൽ ട്രക്ക് ടെർമിനലുകൾ പണിയുക, ഇന്ധന വിലവർധനയിൽ പ്രതിസന്ധി നേരിടുന്ന ചരക്ക് വാഹന ഉടമകൾക്ക് സഹായം നൽകുക, ഹോട്ടലുകളും മാളുകളും സിനിമശാലകളും പൂർണമായി പ്രവർത്തിപ്പിക്കുക എന്നീ കാര്യങ്ങളും യോഗം ചർച്ച ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ട്രാൻസ്പോർട്ട് ഉടമകളും തിയേറ്റർ ഉടമകളും കഴിഞ്ഞ ദിവസം പവാറിനെ കണ്ടിരുന്നു.