കല്യാൺ : ഓടുന്ന വണ്ടിയിൽനിന്നിറങ്ങാനുള്ള ശ്രമത്തിനിടയിൽ വീണ ഗർഭിണിയെ റെയിൽവേ സുരക്ഷാസേനയിലെ (ആർ.പി.എഫ്.) പോലീസുകാരൻ രക്ഷപ്പെടുത്തി.

കല്യാൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടടുത്ത് നാലാംനമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുകയായിരുന്നു.

അന്നേരം പ്ലാറ്റുഫോമിലെത്തിയ ചന്ദ്രേഷ് എന്ന യാത്രക്കാരൻ ഗോരഖ്‌പൂർ എക്സ്‌പ്രസാണെന്നു കരുതി എട്ടുമാസം ഗർഭിണിയായ ഭാര്യയേയും മകനെയുംകൊണ്ട് അതിൽ കയറി. എന്നാൽ വണ്ടിയിൽ കയറിയശേഷമാണ് ട്രെയിൻ മാറിപ്പോയെന്ന് മറ്റു യാത്രക്കാരിൽനിന്ന് അറിഞ്ഞത്. അപ്പോഴേക്കും വണ്ടി നീങ്ങിക്കഴിഞ്ഞു.

പരിഭ്രാന്തനായ ചന്ദ്രേഷ് അപ്പോൾ മകനെയുംകൊണ്ട് വണ്ടിയിൽനിന്ന് ഒരുവിധം ചാടിയിറങ്ങി.

എന്നാൽ അയാളുടെ പിന്നാലെ ഇറങ്ങാൻ ശ്രമിച്ച ഭാര്യ പ്ലാറ്റുഫോമിനും വണ്ടിക്കുമിടയിലുള്ള വിടവിലൂടെ പാളത്തിലേക്ക് വീഴാൻ തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ സുരക്ഷാസേനയിലെ എസ്.ആർ. ഖാണ്ഡേക്കർ എന്ന പോലീസുകാരൻ അവരെ രക്ഷപ്പെടുത്തി. പോലീസുകാരന്റെ സന്ദർഭോചിതമായ ഇടപെടൽ മേലുദ്യോഗസ്ഥരുടെയും യാത്രക്കാരുടെയും പ്രശംസ പിടിച്ചുപറ്റി.