മുംബൈ : നഗരത്തിൽ മയക്കുമരുന്നുവേട്ട ഊർജിതമാക്കിയ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മുംബൈയിലും പരിസരങ്ങളിലും തിങ്കളാഴ്ചയും റെയ്ഡ് തുടർന്നു. വൈകാതെ കൂടുതൽ അറസ്റ്റുകളുണ്ടാവുമെന്ന് എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു.

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാർട്ടിക്കിടെ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾവെച്ചാണ് എൻ.സി.ബി. റെയ്ഡുകൾ തുടരുന്നത്. മുംബൈയിൽ പവായിയിലും അന്ധേരിയിലും ജുഹുവിലും ശനിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. പാൽഘർ ജില്ലയിലെ വസായ് ഈസ്റ്റിലും നലസൊപ്പാരയിലും നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. ഈ റെയ്ഡുകളുടെ തുടർച്ചയായിട്ടാണ് തിങ്കളാഴ്ചത്തെ പരിശോധനകൾ നടന്നത്.

മയക്കുമരുന്നു കടത്തുകാരനായ ഷൊയ്ബ് അയൂബ് സിക്‌റാവുവിനെ എൻ.സി.ബിയുടെ ബാന്ദ്ര യൂണിറ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ശാംഗഢിൽവെച്ച് അറസ്‌റ്റു ചെയ്തിരുന്നു. ജൂൺ 30-ന് ഗോരേഗാവിലും മലാഡിലും നടന്ന റെയ്ഡിൽ പിടിയിയിലായ സഞ്ജീബ് സർക്കാരിനെയും സലിം അക്ബർ ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് സിക്‌റാവുവിനെക്കുറിച്ച് വിവരം ലഭിച്ചത്. അന്നുമുതൽ ഇയാൾക്കായി അന്വേഷണം നടക്കുകയായിരുന്നു.