മുംബൈ : കുതിച്ചെത്തുന്ന തീവണ്ടിക്കുമുന്നിലേക്ക് കാൽതെറ്റിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ റെയിൽവേ ജീവനക്കാരന് അഭിനന്ദനപ്രവാഹം. മധ്യറെയിൽവേയിൽ പോയന്റ്‌സ്‌മാനായി ജോലിചെയ്യുന്ന മയൂർ ഷെൽക്കേയാണ് സ്വന്തം ജീവൻ പണയംവെച്ച് തീവണ്ടിക്കുമുന്നിലേക്ക് ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്.

മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേസ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആൺകുട്ടിയാണ് കാൽതെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്സ്പ്രസ്‌ തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു. പ്ലാറ്റ്‌ഫോമിലുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരാൾ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യൻ റെയിൽവേതന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടത്. മയൂരിനെ ഓർത്ത് അഭിമാനിക്കുന്നൂ എന്ന് കേന്ദ്ര റെയിൽവേമന്ത്രി പിയൂഷ് ഗോയൽ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.