മുംബൈ : താനെ ജില്ലയിലെ അസൻഗാവിൽ സാനിറ്റൈസർ നിർമാണഫാക്ടറിയിൽ തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച പുലർച്ചെ 12.15-ന് ആയിരുന്നു സംഭവം.

ആറുമണിക്കൂറോളം പണിപ്പെട്ടാണ് മുംബൈ-നാസിക് ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലെ തീയണച്ചത് . കമ്പനി മുഴുവനായും കത്തിനശിച്ചു എന്നാണ് അഗ്നിശമന സേനാവിഭാഗം പറഞ്ഞത്.

കാരണം വ്യക്തമായിട്ടില്ല. തുടക്കത്തിൽ കല്യാണിൽനിന്നും ഭീവൺഡിയിൽനിന്നും രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമിച്ചത്.

എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തീയണയാത്തതിനാൽ താനെയിൽനിന്നും ഫയർ എൻജിനുകൾ വരുത്തുകയായിരുന്നു. കാലത്ത് ആറരയോടെയാണ് തീ പൂർണമായും അണച്ചത്.