മുംബൈ : മുംബൈയിൽ കോവിഡ്‌ വ്യാപനം ശക്തമായിരിക്കെ ജൈനസമുദായം അവരുടെ ക്ഷേത്രങ്ങളിലൊന്ന്‌ കോവിഡ്‌ കേന്ദ്രമാക്കി മാറ്റി. കാന്തിവ്‌ലിയിലെ ജൈന ക്ഷേത്രമാണ്‌ താത്‌കാലിക ചികിത്സാകേന്ദ്രമായി മാറിയത്‌.

ഇതിന്റെ ഉദ്‌ഘാടനം ഗോപാൽ ഷെട്ടി എം.പി. നിർവഹിച്ചു. 100 കിടക്കകൾ ഈ കേന്ദ്രത്തിൽ തയാറാക്കിയിട്ടുണ്ട്‌.

പാത്തോളജി ലാബും ഓക്സിജൻ സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്‌. പത്ത്‌ ഡോക്ടർമാരും 50 മെഡിക്കൽ സ്റ്റാഫും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുംബൈയിൽ കോവിഡ്‌ രോഗികൾ വർധിച്ചതോടെ കിടക്കകൾക്ക്‌ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഈ കേന്ദ്രം കുറെപേർക്കെങ്കിലും ആശ്വാസമാകുമെന്ന്‌ ഇവിടെ ഡോക്ടറായി സേവനമനുഷ്‌ഠിക്കുന്ന തൻവി അഭിപ്രായപ്പെട്ടു.

കഴിഞ്ഞവർഷം മുംബൈയിൽ കോവിഡ്‌ വ്യാപനമുണ്ടായപ്പോഴും ഈ ജൈനക്ഷേത്രം ചികിത്സാകേന്ദ്രമായി മാറ്റിയിരുന്നു. 2000 കോവിഡ്‌ രോഗികളെ അന്ന്‌ ഇവിടെ പരിചരിച്ചു.