മുംബൈ : കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നിയന്ത്രണങ്ങൾ നിലവിൽ വന്ന മുംബൈയിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സുഗമമായ യാത്രയ്ക്ക്‌ ഗ്രീൻ കോറിഡോർ സംവിധാനം ഒരുക്കി സിറ്റി പോലീസ്‌. ചുവപ്പ്‌ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങളിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ യാത്രചെയ്യാം. ഇവരെ ചെക്പോസ്റ്റിൽനിന്നുള്ള പരിശോധനകളിൽനിന്ന്‌ ഒഴിവാക്കി.

ഇവരുടെ വാഹനങ്ങൾക്ക്‌ സഞ്ചരിക്കാൻ റോഡുകളിൽ പ്രത്യേക ലൈൻ തിരിച്ചിട്ടുണ്ട്‌. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ്‌, ആംബുലൻസുകൾ, ഡയഗ്നോസ്റ്റിക്‌ സെന്ററുകൾ, ക്ലിനിക്കുകൾ, വാക്സിനേഷൻ സെന്ററുകൾ, മെഡിക്കൽ ഇൻഷുറൻസ്‌ കമ്പനികൾ, ഫാർമസികൾ, ഫർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, മരുന്ന്‌വിതരണം എന്നിങ്ങനെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മേഖലയിലുള്ളവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്‌ ചുവപ്പ്‌ സ്റ്റിക്കറുകൾ പതിപ്പിച്ച്‌് യാത്ര ചെയ്യാം.

പച്ചക്കറി, പഴം, ഭക്ഷ്യവസ്തുക്കൾ, ബേക്കറി സാധനങ്ങൾ തുടങ്ങിയവ കൈകാര്യംചെയ്യുന്ന വാഹനങ്ങൾക്ക്‌ പച്ച സ്റ്റിക്കറുകളും കേന്ദ്ര, സംസ്ഥാന ജീവനക്കാർ, ആവശ്യസേവന മേഖലയിലെ ജീവനക്കാർ എന്നിവരുടെ വാഹനങ്ങൾക്ക്‌ മഞ്ഞ സ്റ്റിക്കറുകളും പതിപ്പിച്ച്‌ യാത്ര ചെയ്യാം.

സ്റ്റിക്കറുകൾ പോലീസ്‌ സ്റ്റേഷനുകളിൽനിന്നും ടോൾ ബൂത്തുകളിൽനിന്നും ലഭിക്കും. വാഹനങ്ങളുടെ മുമ്പിലും പിറകിലുമായി സ്റ്റിക്കറുകൾ പതിപ്പിക്കണമെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

എന്നാൽ ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങളെ മാത്രമേ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കാൻ അനുവദിക്കൂ എന്ന്‌ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി.