മുംബൈ : കോവിഡ് ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ ഭാര്യ ഉൾപ്പെടെ അവരുടെകുടുംബത്തിൽ നാലുമരണം. തന്റെരണ്ടുകുട്ടികൾക്കും അമ്മയ്ക്കും കോവിഡ്ബാധ. അനുദിനംപെരുകുന്ന ദുരന്തവഴികളിൽ ഒാർക്കാപ്പുറത്ത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ തരിച്ചിരിക്കുകയാണ് അരുൺഗായക്‌വാഡ് എന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ. പുണെ ധനോരിസ്വദേശിയാണ് അദ്ദേഹം.

ഭാര്യ വൈശാലി (43), ഭാര്യാമാതാവ് അൽക ജാദവ് (62), ഭാര്യാസഹോദരന്മാരായ രോഹിത് (38), അതുൽ (40) എന്നിവരാണ് രണ്ടാഴ്ചയ്ക്കിടെ മരിച്ചത്. അതിന്റെ ആഘാതം മാറുംമുൻപായിരുന്നു അമ്മയും കുട്ടികളും കോവിഡിന്റെ പിടിയിലമർന്നത്. ഭാര്യയും അടുത്ത മൂന്നുബന്ധുക്കളും മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടിെല്ലന്ന് അരുൺ പറയുന്നു. ഇന്ത്യൻ വ്യോമസേനയിലെ ലോജിസ്റ്റിക്‌സ് സൂപ്രണ്ടാണ് അരുൺ. 27 വർഷമായി സർവീസിലുണ്ട്. കോവിഡ്ബാധിച്ച് ഗുരുതരാവസ്ഥയിലായ ഭാര്യയെ ചികിത്സിക്കാൻ നിരവധി ആശുപത്രികൾ കയറിയിറങ്ങിയിട്ടും അധികൃതർ കൂട്ടാക്കിയില്ലെന്ന ദുരനുഭവവും ഉണ്ടായതായി തൊണ്ടയിടറിക്കൊണ്ട് അദ്ദേഹം പറയുന്നു.

ഭാര്യാപിതാവ് ജനുവരി 15-ന് മസ്തിഷ്കാഘാതംമൂലം മരിച്ചതിനെത്തുടർന്നായിരുന്നു ദുരന്തങ്ങളുടെ ഘോഷയാത്ര. മരണാനന്തരച്ചടങ്ങിന്റെ ഭാഗമായി മാർച്ച് 15-ന് ധനോരിയിലെ വസതിയിൽ സംഘടിപ്പിച്ച ചെറിയ പൂജയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് അരുൺ പറയുന്നു. അരുണും ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും ജോലിത്തിരക്കുകാരണം വേഗം ഒാഫീസിലേക്കുപോയി. പൂജയിൽ സംബന്ധിച്ച ഭാര്യാസഹോദരൻ രോഹിത് ജാദവിനാണ് ആദ്യം രോഗലക്ഷണം കണ്ടെത്തിയത്. മാർച്ച് 16-ന് പനി ബാധിച്ച രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ മാതാവ് അൽക, സഹോദരൻ അതുൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. മാർച്ച് 28-നാണ് ഭാര്യയ്ക്ക് ലക്ഷണം കണ്ടുതുടങ്ങിയത്. ഇവരെ ചികിത്സിക്കാൻ നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും കിടക്ക ലഭിക്കാത്തതിനാൽ പ്രവേശിപ്പിക്കാനായിെല്ലന്ന് അരുൺ പറയുന്നു. നിരവധി ആശുപത്രികളിൽ വിളിച്ചന്വേഷിച്ചെങ്കിലും എവിടെയും ഓക്സിജൻ സൗകര്യം ലഭിച്ചില്ല.

പുണെ കത്രാജിലെ ഭാരതി ആശുപത്രിയിൽ ഒരു കിടക്ക ഒഴിവുണ്ടെന്ന് ബന്ധു അറിയിച്ചു. തുടർന്ന് മാർച്ച് 28-ന് ഉച്ചയ്ക്ക് ഒരുമണിക്ക് അവിടെക്കൊണ്ടുപോയി. രക്തത്തിലെ ഓക്സിജന്റെ അളവ് 70 - 80 ശതമാനത്തിൽ ഏറിയും കുറഞ്ഞും നിന്നതിനാൽ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാരതിയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. ഭാര്യയ്ക്ക് കോവിഡിന് പുറമേ പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി അരുൺ പറയുന്നു.