മുംബൈ : ബാല്യകാലത്തിൽ നേരിട്ട ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് സിനിമ സീരിയൽതാരം നീനഗുപ്ത. സച്ച് കഹുൻ തോ എന്ന ആത്മകഥയിലാണ് നടിയുടെ വെളിപ്പെടുത്തൽ. സ്കൂൾ കാലം മുതൽ നേരിട്ട ദുരനുഭവങ്ങളാണ് താരം പങ്കുവെച്ചത്. ഭയമായതിനാൽ ആരോടും തുറന്നുപറഞ്ഞിരുന്നില്ലെന്നും നടി പറയുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ നേത്രരോഗ വിദഗ്ധൻ ലൈംഗികോപദ്രവം ഏൽപ്പിച്ചതും ഇക്കാര്യം അമ്മയോട് പറയാതിരുന്നതിന്റെ കാരണവും നടി പങ്കുവെച്ചു. വിവരം പങ്കുവെച്ചാൽ തന്നെ കുറ്റപ്പെടുത്തുമോയെന്ന കാരണത്താൽ അമ്മയോട് പറഞ്ഞില്ല. സംഭവത്തിനുശേഷം വീട്ടിലേക്കുള്ള മടക്കയാത്രയിൽ വെറുപ്പ് തോന്നി.

വീടിന്റെ ഒരു മൂലയിൽ ഇരുന്ന് ആരും കാണാതെ കരഞ്ഞു. പക്ഷേ അമ്മയോട് തുറന്നുപറഞ്ഞില്ല, കാരണം അമ്മ എന്റെ തെറ്റുമൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കുറ്റപ്പെടുത്തുമെന്ന് തോന്നി.

ഡോക്ടറെ താൻ പ്രലോഭിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയേക്കുമെന്നും ഭയപ്പെട്ടുവെന്ന് നീന ഗുപ്ത പറയുന്നു.

നിരവധി തവണ ഡോക്ടർമാരിൽനിന്ന് ഇത്തരം അനുഭവം നേരിട്ടതായും നടി പറയുന്നു. താൻ മാത്രമല്ല ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതെന്ന് വൈകിയാണ് മനസ്സിലാക്കിയത്‌. ഒട്ടേറെ പെൺകുട്ടികൾ ഇത്തരം അനുഭവങ്ങൾ നേരിട്ടതായും അവർ ഭയംമൂലം ഇവ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നും നീനഗുപ്ത പറയുന്നു.