മുംബൈ : മുൻ എം.പി. യും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ ഭാസ്കർ പാട്ടീൽ ഖട്ഗാവുങ്കർ പാർട്ടി വിട്ടു. നന്ദേഡിൽ നിന്നുള്ള മുൻ എം.പി.യായ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എ. ഓം പ്രകാശ് പൊഖാർണയും അദ്ദേഹത്തോടൊപ്പം കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ബന്ധുകൂടിയാണ്. അശോക് ചവാന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.

30- ന് ദെഗ്ലൂർ നിയമസഭാമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖട്ഗാവുങ്കർ കോൺഗ്രസിൽ മടങ്ങിയെത്തിയിട്ടുള്ളത്. നന്ദേഡിൽനിന്ന് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അശോക് ചവാനുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു പാർട്ടി വിടാൻ കാരണം. ഖട്ഗാവുങ്കറുടെ മടങ്ങിവരവ് ദെഗ്ലൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുമെന്ന് അശോക് ചവാൻ പറഞ്ഞു.