മുംബൈ : ദീപാവലി ആഘോഷത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെയാണ് കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് സൂചന തന്നത്. ദീപാവലി ആഘോഷത്തിനുശേഷം സംസ്ഥാനത്ത് കോവിഡ് പിടിപെടുന്നവരുടെ എണ്ണം കണക്കിലെടുത്തായിരിക്കും പുതിയ തീരുമാനം ഉണ്ടാകുക.

കോവിഡ് ടാസ്ക് ഫോഴ്‌സും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ചായിരിക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചു. ‌

മുംബൈയിൽ നിലവിൽ ഒാരോ ദിവസവും 500-ൽ താഴെ പേർക്ക് മാത്രമാണ് കോവിഡ് പിടിപെടുന്നത്. സംസ്ഥാനത്ത് ഇത് 2000-ത്തിനടുത്താണ്.

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം മുംബൈയിൽ 5000-ത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇത് 30,000-ത്തിൽ താഴെയെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

ബുധനാഴ്ച മുതൽ കോളേജുകളും തുറക്കാൻ പോകുകയാണ്. രണ്ടാഴ്ചയ്ക്കുമുമ്പ് ആരാധനാലയങ്ങളും തുറന്നുതുടങ്ങി.

അടുത്ത വെള്ളിയാഴ്ച മുതൽ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും നാടകങ്ങളും മറ്റും അരങ്ങേറുന്ന ഓഡിറ്റോറിയങ്ങളും തുറക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നത്.