കല്യാൺ : സർക്കാരിന്റെ മിഷൻ കവചകുണ്ഡൽ എന്ന കുത്തിവെപ്പ് പരിപാടിക്ക് താനെ ജില്ലയിലെ ഗ്രാമീണ ഭാഗങ്ങളിൽ വൻ വിജയം. കല്യാൺ, അംബർനാഥ്, മുർബാദ്, ഭിവൺഡി, ഷഹാപൂർ എന്നീ താലൂക്കുകളിലെ ഗ്രാമീണ ഭാഗങ്ങളിൽ ഈ പരിപാടിയുടെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ 1,00,712 പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി. അതിൽ 76,822 പേർ ആദ്യഡോസും 23,890 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ഇടയ്ക്കുവെച്ച് വാക്സിൻ ദൗർലഭ്യംമൂലം ഈ പ്രദേശങ്ങളിൽ കുത്തിവെപ്പ് പരിപാടികൾ മന്ദഗതിയിലാണ് നടന്നിരുന്നത്. എന്നാൽ നവരാത്രി, ദീപാവലി ഉത്സവകാലത്ത് കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് പുറമെ ജില്ലാ പരിഷത്തിന്റെ ഗ്രാമീണ മേഖലയിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, സമാജ മന്ദിരങ്ങൾ എന്നിവിടങ്ങളിൽ ഏഴു ദിവസത്തെ മിഷൻ കവചകുണ്ഡൽ എന്ന പരിപാടിയുടെ ഭാഗമായി കൂടുതൽ വാക്സിൻ ലഭ്യമാക്കുകയുണ്ടായി. ഇതുമൂലം പ്രതിദിനം പതിനയ്യായിരത്തോളം പേരാണ് കുത്തിവെപ്പ് സ്വീകരിച്ചു വരുന്നതെന്ന് ജില്ലാ പരിഷത് അറിയിച്ചു.